By Sooraj Surendran .16 Jul, 2019
റിയാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം റിയാദിലേക്ക് കടന്ന കൊല്ലം സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ (39) ഇന്റർപോൾ അറസ്റ്റ് ചെയ്തു. സൗദി ഇന്റർപോളിന്റെ സഹായത്തോടെ കൊല്ലം പൊലീസ് കമ്മീഷണർ മെറിൻ ജോസഫും സംഘവും ചേർന്ന് പ്രതിയെ കേരളത്തിലെത്തിക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കുറ്റവാളികളെ കൈമാറാൻ കരാറുണ്ടാക്കിയ ശേഷം ഇതാദ്യമായാണ് വനിതാ പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പ്രതിയെ പിടികൂടുന്നത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ സുനില്‍ കുമാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സഹപാഠികൾ വഴി അധ്യാപികയാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നതായി വ്യക്തമായി. പോക്സോ കേസിൽ ആദ്യമായാണ് സൗദി അറേബ്യ പ്രതിയെ കൈമാറുന്നത്. 2010 ല്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്മോഹന് സിംഗിന്റെ സൗദി സന്ദര്‍ശന വേളയിലാണ് സൗദിയും -ഇന്ത്യയും തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയാകുന്നത്.