Tuesday 19 March 2024




കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ മൂന്നു സ്ട്രീമുകളിലും സംവരണം ഉറപ്പാക്കും: മന്ത്രി എ.കെ ബാലന്‍

By Online Desk .22 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍(കെ.എ.എസ്) മൂന്നു സ്ട്രീമുകളിലും സംവരണം ഉണ്ടാകുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതിന് നിലവിലെ ചട്ടത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. സംവരണത്തിന് അര്‍ഹതയുള്ള ആളുകള്‍ക്ക് സംവരണ കോട്ട അനുസരിച്ച് ലഭിക്കേണ്ട വിഹിതത്തില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ അത് തിരുത്താന്‍ പ്രത്യേക നടപടി സ്വീകരിക്കും. ഇക്കാര്യം മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.

 

കെ.എ.എസിന് രൂപീകരിച്ച ചട്ടങ്ങള്‍ പ്രകാരം മൂന്നുരീതിയിലുള്ള നിയമനങ്ങളാണ് വ്യവസ്ഥ ചെയ്തത്. സ്ട്രീം ഒന്നില്‍ നേരിട്ടും രണ്ടിലും മൂന്നിലും തസ്തികമാറ്റം മുഖേനയുമാണ് നിയമനം. നേരിട്ടുള്ള നിയമനത്തിന് പൊതുസംവരണ തത്വങ്ങള്‍ ബാധകമാകുമ്പോള്‍ തസ്തികമാറ്റ വഴിയുള്ള നിയമനത്തിന് നിലവിലെ സംവരണവ്യവസ്ഥ ബാധകമല്ല എന്നതായിരുന്നു വിമര്‍ശനം. എന്നാല്‍ മൂന്ന് സ്ട്രീമിലും സംവരണമുണ്ടാകും. അതിന് നിലവിലെ ചട്ടത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കെ.എ.എസില്‍ 10 ശതമാനം വരെ സംവരണം ഉറപ്പാക്കും.

 

അതേസമയം, മുന്നാക്ക സംവരണത്തില്‍ സംസ്ഥാനത്ത് എത്ര ശതമാനം വരെ സംവരണം നല്‍കാമെന്നത് ഇടതുമുന്നണിയില്‍ തീരുമാനിക്കും. മുന്നാക്കക്കാരിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ സംവരണം നല്‍കുകയുള്ളുവെന്നും സംവരണം നടപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. 10 ശതമാനം വരെ സാമ്പത്തിക സംവരണം നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിയില്‍ പറയുന്നത്. അതിനാല്‍ എത്ര ശതമാനം വരെ സംവരണം അനുവദിക്കാമെന്നതില്‍ വ്യക്തത വരുത്തണം.വരുമാന പരിധിയെക്കുറിച്ച് കേന്ദ്രത്തിന്റെ നിയമത്തില്‍ വ്യക്തമാക്കുന്നില്ല. ആദായനികുതി അടക്കുന്നവര്‍ക്കൊന്നും സംവരണം അനുവദിക്കില്ല.

 

മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ സംവരണം നല്‍കാനാവൂ. ഇവരുടെ സാമ്പത്തികപരിധി എത്രയാക്കണമെന്ന് ഇടതുമുന്നണിയും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കും. വരുമാന പരിധിയെക്കുറിച്ച് കേന്ദ്രനിയമത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാം. അതിനായി കെ.ഇ.ആര്‍. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മതി. ഇതിനുപുറമെ കേന്ദ്രസര്‍വീസുമായി ബന്ധപ്പെട്ട സംവരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്നും സംവരണകാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും.

 

ഒ.ഇ.സി വിഭാഗത്തിന്റെ സംവരണം നിഷേധിക്കുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു പഠനവും നടത്താതെ ഒ.ബി.സിയിലെ 30 വിഭാഗങ്ങളെ ഒ.ഇ.സിയാക്കി. എന്നാല്‍ അത് നടപ്പിലാക്കുകയോ ബജറ്റില്‍ തുകനീക്കി വെയ്ക്കുകയോ ചെയ്തില്ല. എന്നാല്‍ ആ വിഭാഗങ്ങളുടെ സംവരണാനുകൂല്യം സംരക്ഷിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.