Wednesday 08 April 2020




കൊട്ടാരത്തിന്റെ വാദം തള്ളി മന്ത്രി കടകംപള്ളി

By Online Desk .08 Jun, 2019

imran-azhar

 

 

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ഹൗസ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതതയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ ഡെല്‍ഹി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. അത് നല്‍കും. ശംഖുമുഖം കൊട്ടാരവും കനകക്കുന്ന് കൊട്ടാരവുമൊക്കെ നേരത്തേ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റേതായിരുന്നു. അതൊക്കെ തിരിച്ചു ചോദിച്ചാല്‍ എന്തു ചെയ്യുമെന്നും കടകംപള്ളി ചോദിച്ചു. ഏതു സാഹചര്യത്തിലാണ് രാജകുടുംബം ഉടമസ്ഥാവകാശം ഉന്നയിച്ചതെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

 

പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജകുടുംബാംഗമായ ആദിത്യവര്‍മ്മ നല്‍കിയ കത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. 12 ഏക്കര്‍ വരുന്ന ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസിന്റെയും കപൂര്‍ത്തല പ്ലോട്ടിന്റെയും ഉടമസ്ഥാവകാശമാണ് തിരുവിതാംകൂര്‍ രാജകുടുംബം ആവശ്യപ്പെടുന്നത്. 1916ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഏക്കറിന് 1800 രൂപ നിരക്കിലാണ് ട്രാവന്‍കൂര്‍ ഹൗസ് സ്ഥിതി ചെയ്യുന്ന 8 ഏക്കര്‍ ഭൂമി വാങ്ങിയത്. കപൂര്‍ത്തല മഹാരാജാവില്‍ നിന്ന് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് 1936ല്‍ 6 ഏക്കര്‍ ഭൂമി 11000 രൂപക്ക് വാങ്ങിയെന്നും രാജകുടുംബം പറയുന്നു.

 

രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായി ഈ രണ്ട് ഭൂമിയും വിട്ടുകൊടുത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ സ്ഥലത്ത് പല കെട്ടിടങ്ങളും ഉയര്‍ന്നു. 1988ല്‍ സുപ്രീംകോടതി 3.88 ഏക്കറിന്റെ കൈവശാവകാശം സംസ്ഥാന സര്‍ക്കാരിന് കൈമാറി. സംസ്ഥാന സര്‍ക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ 2011ലും 2014ലും ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഈ ഭൂമിയിലുള്ള നിര്‍മ്മാണ അപേക്ഷകള്‍ തള്ളിയിരുന്നു.