Friday 14 August 2020




33 വിദ്യാർത്ഥികളുടെ കത്ത് ഫലം കണ്ടു; അശ്വിന്‍ മധുവിന് സൗജന്യ ചികിത്സ

By online desk .14 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: കൊല്ലം വെസ്റ്റ് കല്ലട ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന 33 വിദ്യാര്‍ത്ഥികള്‍ സഹപാഠിയായ അശ്വിന്‍ മധുവിന് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് എഴുതിയ കത്തിന് ഫലം കണ്ടിരിക്കുകയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബത്തിലുള്ളതും സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ചതുമായ അശ്വിന്‍ മധുവിന്റെ ചികിത്സ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് സാമൂഹ്യ സുരക്ഷമിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രിയിലെത്തി അശ്വിനെ കണ്ടു. ഒപ്പം അശ്വിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും കത്തെഴുതാന്‍ നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥിനി ആര്‍. നിളയെ അഭിനന്ദിക്കുകയും ചെയ്തു.

 

ഒരു കൂട്ടം കുട്ടികളുടെ നല്ല മനസാണ് അശ്വിന് വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് കാരണമായതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പി.എം.ആര്‍. വിഭാഗം മേധാവി ഡോ. അബ്ദുള്‍ ഗഫൂര്‍, ഡോ. സുരേഷ്, ഡോ. സഖറിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും തുടര്‍ ചികിത്സയും നടക്കുന്നത്. ചികിത്സ, തെറാപ്പി, മരുന്നുകള്‍, സഹായ ഉപകരണങ്ങള്‍, ആവശ്യമെങ്കില്‍ സര്‍ജറി എന്നിവ വി കെയര്‍ പദ്ധതി വഴി സൗജന്യമായി കുട്ടിക്ക് ചെയ്തു കൊടുക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.