Friday 25 September 2020




റംസാന്‍ കിറ്റ് വിതരണം; മന്ത്രി ജലീലിന് ലോകായുക്തയുടെ നോട്ടീസ്

By ബി.വി അരുൺകുമാർ .14 Aug, 2020

imran-azhar

 

 

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള കിറ്റ് വിതരണത്തില്‍ മന്ത്രി കെ.ടി. ജലീലിന് ലോകായുക്തയുടെ നോട്ടീസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രോഗിത് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കള്‍ മന്ത്രി ജലീല്‍ സ്വന്തം മണ്ഡലത്തില്‍ കിറ്റ് വിതരണം നടത്തിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതിനാല്‍ മന്ത്രിയെ അയോഗ്യനാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഈ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ലോകായുക്തയെ ബോധിപ്പിക്കണമെന്നു കാണിച്ചാണ് നോട്ടീസ് അയച്ചത്. ഈമാസം 27നു മുമ്പ് മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ചീഫ്‌സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍സുലേറ്റ് ജനറലുമായി നടത്തിയ ആശയ വിനിമയം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സഹിതമാണ് രോഹിത് ഹര്‍ജി നല്‍കിയത്. ആശയവിനിമയത്തിന്റെ പകര്‍പ്പും ഹാജരാക്കണമെന്ന് മന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.

 

അതേസമയം മന്ത്രി ജലീലിനെതിരെ കുരുക്ക് മുറുക്കി എന്‍ഐഎയും കസ്റ്റംസും. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചിരുന്നു. ഇതിനു പിന്നാലെ സെക്രട്ടേറിയറ്റില്‍ എന്‍ഐഎ സംഘം നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ എത്തിയ നയതന്ത്ര ബാഗുകളുടെ എണ്ണമടക്കമുള്ള വിശദാംശങ്ങളാണ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എസ്. സുനില്‍ കുമാറില്‍ നിന്നും തേടിയത്.എന്നാല്‍ ഈ രണ്ടു വര്‍ഷത്തിനിടയില്‍ ഒരു നയതന്ത്ര ബാഗേജും വന്നിട്ടില്ലെന്നായിരുന്നു സുനിലിന്റെ മറുപടി. മാത്രമല്ല ഒരുതരത്തിലുള്ള ഔദ്യോഗിക ഇടപെടലുകളും ഉണ്ടായിട്ടില്ല. മാത്രമല്ല രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ലെന്നാണ് സുനില്‍ നല്‍കിയ മൊഴി.

 

റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടും എന്‍ഐഎ പ്രോട്ടോക്കോള്‍ ഓഫീസറോട് വിശദാംശങ്ങള്‍ ആരാഞ്ഞു. എന്നാല്‍ അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം അറിയിക്കാമെന്നുമായിരുന്നു സുനിലിന്റെ മറുപടി. ഈമാസം 20നകം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തിയ എല്ലാ ഇടപാടുകളെ കുറിച്ചും അറിയിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. എന്നാല്‍ വിശദമായ പരിശോധന വേണ്ടതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്‍ഐഎയോട് പറഞ്ഞു. അന്വേഷണം ധ്രുതഗതിയില്‍ നടക്കുന്നതിനാല്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും എത്രയും വേഗം വിശദാംശങ്ങള്‍ നല്‍കണമെന്നും എന്‍ഐഎ നിര്‍ദ്ദേശം നല്‍കി.