Saturday 24 September 2022




കിഴക്കന്‍ യുക്രൈനില്‍ മിസൈലാക്രമണം; 40 യുദ്ധത്തടവുകാര്‍ കൊല്ലപ്പെട്ടു

By priya.30 Jul, 2022

imran-azhar

 

കീവ്: കിഴക്കന്‍ യുക്രൈനില്‍ ഡോണെറ്റ്‌സ്‌ക് പ്രവിശ്യയില്‍ ജയിലിനു നേര്‍ക്ക് മിസൈലാക്രമണം.യുദ്ധത്തടവുകാരായ 40 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 40 തടവുകാരാണു കൊല്ലപ്പെട്ടത്. 75 പേര്‍ക്കു പരുക്കേറ്റു.

 

വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഒലെനിവ്ക പട്ടണത്തിലെ ജയിലാണു ആക്രമണത്തില്‍ തകര്‍ന്നത്. യുക്രൈന്‍ സേന യുഎസ് നിര്‍മിത ഹൈമാര്‍സ് മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണമാണെന്നു റഷ്യ ആരോപിച്ചു.ജയിലില്‍ ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രൈന്‍ കുറ്റപ്പെടുത്തി.


യുക്രൈന്‍ തടവുകാരായി പിടിച്ചവരെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. വിദേശികളടക്കം 193 പേര്‍ ഉണ്ടായിരുന്നു. റഷ്യ വടക്കുകിഴക്കന്‍ നഗരമായ മൈക്കലോവില്‍ നടത്തിയ മിസൈലാക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു.

 

യുദ്ധത്തെ തുടര്‍ന്ന് മുടങ്ങിയ കരിങ്കടല്‍ തുറമുഖങ്ങളിലൂടെയുള്ള ഗോതമ്പു കയറ്റുമതി പുനരാരംഭിക്കാന്‍ ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞയാഴ്ച കയറ്റുമതിക്കു റഷ്യയും യുക്രൈനും
ധാരണയായിരുന്നു.