Friday 14 August 2020




വീണ്ടും അധികാരത്തില്‍ എത്തിയാല്‍ റോബര്‍ട്ട് വദ്രയെ ജയിലിലടയ്ക്കും; നരേന്ദ്ര മോദി

By anju.08 May, 2019

imran-azhar

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ജയിലിലടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ഫത്തേബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വദ്രയുടെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരാമര്‍ശം.


രാജ്യത്തിന്റെ കാവല്‍ക്കാരനായ താന്‍ കര്‍ഷകരുടെ ഭൂമി തട്ടിയെടുത്ത ഇയാളെ കോടതി കയറ്റിയതാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും കോടതികളിലും ജാമ്യത്തിനായി ഇയാള്‍ കയറിയിറങ്ങുകയാണെന്നും മോദി പറഞ്ഞു. വലിയ രാജാവാണെന്നാണ് അയാളുടെ വിചാരം. എന്നാല്‍ ഇപ്പോള്‍ പേടിയുണ്ട്. താന്‍ ഇയാളെ ഒരിക്കല്‍ ജയിലിന്റെ പടിവാതിലില്‍ എത്തിച്ചതാണെന്നും അഞ്ച് വര്‍ഷം കൂടി അധികാരം ലഭിച്ചാല്‍ ഇയാളെ ജയിലിലാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.