Friday 24 May 2019


കേരളത്തില്‍ കാലവര്‍ഷം അഞ്ച് ദിവസം വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By anju.15 May, 2019

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അഞ്ച് ദിവസം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ആന്റമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് സമീപത്തായി മണ്‍സൂണ്‍ മഴയ്ക്കായി കാലവസ്ഥാ സാഹചര്യങ്ങള്‍ മാറിത്തുടങ്ങിയെന്നും അറിയിപ്പില്‍ ഉണ്ട്. ജൂണ്‍ ഒന്നിനാണ് സാധാരണ മഴ എത്തേണ്ടത്. എന്നാല്‍ ഇക്കുറി അഞ്ച് ദിവസം വൈകി ആറിന് കേരള തീരത്ത് എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


ഇത് നാല് ദിവസം കൂടി വൈകാനോ നാല് ദിവസം നേരത്തെ പെയ്യാനോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 18-19 ഓടുകൂടി ആന്റമാന്‍-നിക്കോബാര്‍ മേഖലകളില്‍ മഴ പെയ്‌തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എല്‍നീനോ പ്രതിഭാസം കാരണമാണ് കാലവര്‍ഷത്തിന്റെ തുടക്കം വൈകുന്നതെന്നാണ് വിലയിരുത്തല്‍.


ഇക്കുറി ജൂണ്‍ നാലിന് കേരളത്തില്‍ മണ്‍സൂണ്‍ മഴക്കാലം തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 22 ന് മണ്‍സൂണ്‍ മഴ പെയ്ത് തുടങ്ങും. എന്നാല്‍ ഇന്ത്യയില്‍ നാല് മേഖലകളിലും ശരാശരിയില്‍ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക്,മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ് മഴ മാത്രമേ ലഭിക്കൂ. കഴിഞ്ഞ ആഴ്ച സ്‌കൈമെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ശരാശരി മഴ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളില്‍ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.