Wednesday 07 December 2022




വിവാഹത്തിന് സമ്മതിച്ചില്ല: മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മ

By Priya.24 Nov, 2022

imran-azhar

 

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ അമ്മ മകളെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയാണെന്ന് സംശയം. കുടുംബം തീരുമാനിച്ചിരുന്ന വിവാഹത്തിന് സമ്മതിക്കാത്തതിനാലാണ് ഇരുപതുകാരിയായ മകളെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്.

 

കോയമ്പത്തൂരില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അരുണയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

 

അരുണയുടെ പിതാവും സഹോദരനും ചെന്നൈയില്‍ ഓട്ടോ ഡ്രൈവര്‍മാരാണ്.പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന അരുണ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു.

 

ഇക്കാര്യം അറിയിച്ചപ്പോള്‍ ജാതി വ്യത്യാസം ചൂണ്ടിക്കാട്ടി കുടുംബം ഇതിനെ എതിര്‍ത്തു. അതിന് പകരം സ്വന്തം ജാതിയില്‍പ്പെട്ട ഒരു യുവാവുമായി വിവാഹം ആലോചിക്കുകയും ചെയ്തു.


ഈ യുവാവും കുടുംബവും ബുധനാഴ്ച അരുണയെ കാണാന്‍ വീട്ടിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു.എന്നാല്‍ തനിക്ക് ഇഷ്ടമില്ലാത്ത വിവാഹാലോചനയെ
അരുണ എതിര്‍ത്തു.

 

അവരെ കാണില്ലെന്ന് അരുണ തീരുമാനിച്ചിരുന്നു.ഇതേച്ചൊല്ലി അരുണയും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അരുണയെ അമ്മ ഷാളുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.