Friday 22 November 2019




പിഴത്തുക കുത്തനെ കുറച്ചു; ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തതിന് 1000 രൂപ പിഴ 500 ആയി കുറച്ചു.

By online desk .24 Oct, 2019

imran-azhar

 

 

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ പിഴത്തുകസംസ്ഥാനം വെട്ടിക്കുറച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് കനത്ത പിഴ കുറക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തതിന് 1000 രൂപ പിഴയെന്നത് 500 ആക്കി കുറച്ചു. അമിത വേഗത്തിനുള്ള ആദ്യനിയമലംഘനത്തിന് 1500 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴ നല്‍കണം. അമിതഭാരം കയറ്റുന്നതിനുള്ള പിഴ 20000 രൂപയില്‍ നിന്ന് 10000 ആയി കുറച്ചു. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ പിഴ അടയ്ക്കണം. നേരത്തെ ഇത് 3000 രൂപയായിരുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ എന്നത് 5000 രൂപയാക്കി കുറച്ചു.


മദ്യപിച്ച് വാഹനമോടിച്ചാലുള്ള പതിനായിരം രൂപ പിഴയില്‍ മാറ്റമില്ല. പന്തയ ഓട്ടം നടത്തുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ 10000 രൂപയില്‍ നിന്ന് 5000 രൂപയാക്കി കുറച്ചു. ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 2000 രൂപ പിഴ അടയ്ക്കണം. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 4000 രൂപ പിഴ നല്‍കണം. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനമോടിച്ചാല്‍ 2000 രൂപ പിഴ അടയ്ക്കണം. നേരത്തെ ഇത് 10,000 രൂപയായിരുന്നു. പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക് 500രൂപ എന്നത് 250രൂപയായും അത് ആവര്‍ത്തിച്ചാലുള്ളതിന് 1500 രൂപ എന്നത് 500 രൂപയായും പുതുക്കി നിശ്ചയിച്ചു.


അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം-രേഖ നല്‍കല്‍ കുറ്റത്തിനും 2000രൂപ എന്നത് 1000രൂപയായി കുറച്ചു. കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് പിഴത്തുക 10000 രൂപ എന്നത് 1000 രൂപയാക്കി കുറച്ചു. അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200 രൂപ വീതം നല്‍കണമെന്നത് 100 രൂപയായി കുറച്ചു. ആംബുലന്‍സ്/ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് പിഴ 10000 രൂപ എന്നത് 5000 രൂപയായി കുറച്ചു. രജിസ്റ്റര്‍ ചെയ്യാതെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും വാഹനം ഉപയോഗിക്കുന്നവര്‍ ആദ്യകുറ്റത്തിന് 2000 രൂപ എന്നത് 3000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മറ്റ് വകുപ്പുകളില്‍ (സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വന്ന) പഴയ നിരക്ക് തുടരും.