Friday 10 April 2020
എം എസ് മണി വിശിഷ്ടമായ വ്യക്തിത്വത്തിന് ഉടമ: മുഖ്യമന്ത്രി

By Sooraj Surendran.21 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: മൂല്യങ്ങളില്‍ അധിഷ്ഠിതമായി പത്രപ്രവര്‍ത്തനവും പത്ര നടത്തിപ്പും ഒരുപോലെ മുമ്പോട്ടുകൊണ്ടുപോയ വിശിഷ്ടമായ വ്യക്തിത്വത്തിനുടമയായിരുന്നു എം എസ് മണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസ് ക്ലബ്ബും പത്ര പ്രവര്‍ത്തക യൂണിയനും സംയുക്തമായി സംഘടിപ്പിച്ച എം എസ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രാധിപര്‍ കെ സുകുമാരന്റെ ശ്രേഷ്ഠമായ പത്രപ്രവര്‍ത്തന മൂല്യങ്ങളെ നവീകരിച്ച് ശക്തിപ്പെടുത്തി മുമ്പോട്ടുപോവുകയായിരുന്നു അദ്ദേഹം ചെയ്തത്.പത്രാധിപരും പത്ര ഉടമയും ഒരാള്‍ തന്നെയാവുമ്പോള്‍ രണ്ടു സ്ഥാനങ്ങളുടെയും താല്‍പര്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവാം. അത്തരം സന്ദര്‍ഭങ്ങളില്‍ വിലപ്പോവേണ്ടത് പത്രാധിപരുടെ താല്‍പര്യമാണെന്നു വിശ്വസിച്ച വ്യക്തിയാണ് അദ്ദേഹം. മൂല്യാധിഷ്ഠിതമായ അത്തരമൊരു നിലപാട് എടുത്തതുകൊണ്ട് അദ്ദേഹത്തിന് പലതും നഷ്ടമായിട്ടുണ്ട്. എന്നാല്‍, അത്തരം നഷ്ടപ്പെടലുകളില്‍ വ്യാകുലപ്പെടാതെ സ്വന്തം ധര്‍മ്മം അനുഷ്ഠിക്കുന്നതില്‍ നിഷ്‌കര്‍ഷ കാട്ടി എം എസ് മണി.

 

രണ്ടു കാര്യങ്ങള്‍ അദ്ദേഹത്തിലൂടെയാണ് മലയാള പത്രപ്രവര്‍ത്തനരംഗത്ത് ഊര്‍ജസ്വലതയോടെ കടന്നുവന്നത് എന്നു പറയാം. ഒന്ന്, അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനമാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം അധികാരസ്തംഭങ്ങളെ നേരിട്ടു വെല്ലുവിളിക്കുന്ന വിധത്തില്‍ കടന്നെത്തുന്നത് കേരള കൗമുദിയില്‍ 'കാട്ടുകള്ള•ാര്‍' എന്ന പരമ്പര വരുന്നതോടെയാണ്. അതുവരെ കേവലം ഒരു സങ്കല്‍പം മാത്രമായി നിന്നിരുന്നേയുള്ളു മലയാള മാധ്യമരംഗത്ത് അന്വേഷണാത്മക പത്രപ്രവര്‍ത്തനം. സങ്കല്‍പത്തില്‍നിന്ന് എം എസ് മണി അതിനെ യാഥാര്‍ത്ഥ്യത്തിന്റെ തലത്തിലേക്കു കൊണ്ടുവന്നു. അതായിരുന്നു വനംകൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ ആ പരമ്പര. അധികാരസ്ഥാനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുണ്ടായ പരമ്പരയ്ക്കു നേര്‍ക്ക് സ്വാഭാവികമായും അധികാരത്തിന്റെ പ്രതികാരബോധം ചീറി എത്തുകയും ചെയ്തു. എം എസ് മണിക്ക് കനത്ത നാശനഷ്ടങ്ങളാണ് അതുണ്ടാക്കിയത്. എഡിറ്റര്‍മാര്‍ക്കും ലേഖകര്‍ക്കും നേര്‍ക്ക് അറസ്റ്റ് വാറണ്ട്. എം എസ് മണിക്കുതന്നെ, അതായത് പത്രാധിപര്‍ക്കു തന്നെ മണിക്കൂറുകളോളം റെയ്ഡിനു സാക്ഷിയാകേണ്ടിവരുന്ന സ്ഥിതി. വീട്ടുതടങ്കലിലെന്നോണം കഴിയേണ്ടിവരുന്ന സ്ഥിതി.


എന്തായാലും ഒരുകാര്യം പറയാം. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ ആദ്യപഥികന്‍ എന്ന സ്ഥാനം എം എസ് മണിക്ക് ഉറച്ചു ആ പരമ്പരയോടെ. എടുത്തുപറയേണ്ട മറ്റു രണ്ടു കാര്യങ്ങള്‍ കൂടിയുണ്ട്. ഒന്ന്, പരിസ്ഥിതി ബോധത്താല്‍ നയിക്കപ്പെടുന്ന മലയാള പത്രപ്രവര്‍ത്തനത്തിന്റെ പതാകാവാഹക സ്ഥാനം കൂടി ആ പരമ്പരയ്ക്കുണ്ട് എന്നതാണ് ഒന്ന്. മറ്റൊന്ന്, കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ആ പരമ്പരയുളവാക്കിയ ദൂരവ്യാപകമായ ചലങ്ങളാണ്; പ്രത്യേകിച്ചും കോണ്‍ഗ്രസിനുള്ളില്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലമായ ഒരു വിഭാഗം കെ കരുണാകരനെതിരെ തിരിയുന്നത് ആ പരമ്പരയോടെയാണ്. ആ തിരിയല്‍ ഒരു പ്രത്യേക തരത്തിലുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തിന് ആ പാര്‍ട്ടിക്കുള്ളില്‍ തുടക്കം കുറിച്ചു. അടിയന്തരാവസ്ഥ കൂടി വന്നതോടെ ചേരിതിരിവു രൂക്ഷമായി. അതുവരെ ആരാലും ചോദ്യം ചെയ്യപ്പെടാതിരുന്ന നേതാവ് ചോദ്യം ചെയ്യപ്പെടലിനു വിധേയനായിത്തുടങ്ങിയത് എം എസ് മണിയുടെ പരമ്പരയ്ക്കു പിന്നാലെയാണ്. അദ്ദേഹത്തിന്റെ കോട്ടകള്‍ ദുര്‍ബലപ്പെട്ടു തുടങ്ങുന്നതും അവിടെത്തന്നെയാണ്.


ഏതായാലും തന്റെ സ്ഥാപനത്തില്‍നിന്ന് എം എസ് മണിക്കു മാറിനില്‍ക്കേണ്ടി വന്നു. ആ മാറിനില്‍ക്കലിന്റെ ഉപോല്‍പന്നമായാണു കലാകൗമുദി പിറന്നത്. കലാകൗമുദിയാകട്ടെ, നമ്മുടെ സാഹിത്യ പത്രപ്രവര്‍ത്തനരംഗത്ത് ആധുനികതയുടെ മുഖച്ഛായയുള്ള ഭാവുകത്വ മാറ്റത്തിന്റെ സന്ദേശമാണു പ്രസരിപ്പിച്ചത്. മലയാള സാഹിത്യത്തെയും വായനാസമൂഹത്തെയും കലാകൗമുദി ആധുനികവല്‍ക്കരിച്ചു. പരമ്പരാഗത സാഹിത്യ സമീപനങ്ങളില്‍നിന്നു മാറിനില്‍ക്കുന്ന ഒരു സമീപനം സാഹിത്യ പത്രപ്രവര്‍ത്തന രംഗത്ത് കലാകൗമുദി ആവിഷ്‌കരിച്ചു. ഒ വി വിജയന്‍, എം മുകുന്ദന്‍, സക്കറിയ, എം പി നാരായണപിള്ള തുടങ്ങിയവരുടെ രചനകളുമായി ആ പ്രസിദ്ധീകരണം വലിയ ഒരു ശൈലീമാറ്റത്തിനു നാന്ദി കുറിച്ചു. പത്രാധിപര്‍ പത്ര ഉടമ കൂടിയാവുമ്പോള്‍ പത്രാധിപര്‍ എന്ന നിലയില്‍ മൂല്യങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ആ വിട്ടുവീഴ്ച ചെയ്യാന്‍ എം എസ് മണി നിന്നില്ല.പത്രപ്രവര്‍ത്തകരുടെയും പത്ര ജീവനക്കാരുടെയും താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ എം എസ് മണി പ്രത്യേക ശ്രദ്ധ വെച്ചു. ബോണസ് വെട്ടിക്കുറയ്ക്കപ്പെടും എന്നു വന്നപ്പോള്‍ അച്ഛനോടു തന്നെ ജീവനക്കാരുടെ ഭാഗത്തുനിന്ന് വാദിക്കാന്‍ എം എസ് മണിയിലെ പത്രാധിപര്‍ക്കു കഴിഞ്ഞു. കേവലം കേരള കൗമുദിയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല എം എസ് മണിയുടെ സംഭാവനകള്‍. കൗമുദിയെ നവീകരിക്കുന്നതിനു വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകള്‍ കൗമുദിയിലൂടെ മലയാള പത്രലോകത്തിനാകെ പ്രയോജനപ്പെടുന്ന തരത്തിലുള്ളതായിരുന്നു. ആ പ്രതിബദ്ധതയും ധീരതയും പത്രപ്രവര്‍ത്തന രംഗത്തെ പുതിയ തലമുറ ഏറ്റെടുക്കുമെങ്കില്‍ അതാവും അദ്ദേഹത്തിനു നല്‍കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി.

 

അനുസ്മരണ യോഗത്തില്‍ കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, സിപിഐ അസിസ്റ്റന്റ് സെക്ര'റി സത്യന്‍ മൊകേരി, സി ദിവാകരന്‍ എംഎല്‍എ, ജനതാദള്‍ എസ് നേതാവ് എ നീലലോഹിത ദാസന്‍ നാടാര്‍, ഒ രാജഗോപാല്‍ എംഎല്‍എ, മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, തുളസീ ഭാസ്‌കര്‍, മുതിര്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ പി വി സദാനന്ദന്‍, ജി ശേഖരന്‍ നായര്‍, മാദ്ധ്യമ പ്രവര്‍ത്തകരായ എം ബി സന്തോഷ്, പി വി മുരുകന്‍, പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്ര'ട്ിടറി ബി അഭിജിത്ത് എിവര്‍ സംസാരിച്ചു. പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യക്ഷനായ ചടങ്ങിന് സാ'ൂ തോമസ് സ്വാഗതവും വി എസ് അനു നന്ദിയും പറഞ്ഞു. പത്ര പ്രവര്‍ത്ത യൂണിയന്‍ സംസ്ഥാന സമിതി അംഗം ആര്‍. കിര ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗത്തിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റുള്ളവരും എം എസ് മണിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാര്‍ച്ചന നടത്തി.