Monday 18 November 2019




ബിജെപി നേതാവ് ജയിലില്‍ കിടന്നതും സമരക്കാരെ പന്നി ഓടിച്ചതും അയ്യപ്പകോപം കൊണ്ട്: നിയമസഭയില്‍ ബിജെപിക്കാരെ ട്രോളി മുകേഷ് എം.എല്‍.എ

By anju.08 Feb, 2019

imran-azhar


തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പകോപമുണ്ടെന്നും അതുകൊണ്ടാണ് ബി.ജെ.പി നേതാവ് ജയിലില്‍ കിടന്നതെന്നും മുകേഷ്. നിയമസഭയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തെ നിയമസഭയില്‍ വോട്ട് ഓണ്‍ അക്കൗണ്ടിന്റെ ചര്‍ച്ചയിലാണ് സമരത്തെ മുകേഷ് പരിഹസിച്ചത്. ശബരിമല കര്‍മ്മസമിതി നേതാവിനെ പന്നി കുത്താന്‍ ഓടിച്ചതും ബിജെപി നേതാവ് ജയിലില്‍ കിടന്നതും മറ്റൊരു വനിതാ നേതാവ് 25,000 രൂപ കോടതിയില്‍ പിഴയടച്ചതും അയ്യപ്പകോപം കൊണ്ടാണ് എന്നാണ് മുകേഷിന്റെ പരിഹാസം.

 

അയ്യപ്പന്റെ ശക്തിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അതിന് കാരണമുണ്ടെന്നും മുകേഷ് പറഞ്ഞു.അടുത്തിടെ കൊല്ലത്തൊരു ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം സ്വകാര്യ സംഭാഷണത്തില്‍ രാഷ്ട്രീയം ചര്‍ച്ചയായി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു സീറ്റ് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന് സംഘാടകരില്‍ ഒരാള്‍ തന്നോട് സംശയം ചോദിച്ചെന്ന് മുകേഷ് പറഞ്ഞു. ഈ ചോദ്യത്തിന് നല്‍കിയ മറുപടി എന്ന മട്ടിലാണ് മുകേഷ് ബി.ജെ.പി നേതാക്കളെയും ശബരിമല കര്‍മ്മസമിതിയുടെ സമരത്തെയും പരിഹസിച്ചത്.

 


ശബരിമലയില്‍ പോകുന്നവര്‍ മുഴുവന്‍ ബിജെപിയും ആര്‍എസ്എസുമാണെന്നാണ് ആ തെറ്റിദ്ധാരണ. ഇത്തരം തെറ്റിദ്ധാരണകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ തന്നെ മാറിക്കോളും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുകേഷ് പറഞ്ഞു. ശബരിമലയില്‍ പോകുന്ന എല്ലാവരും ബിജെപിയല്ല, അതിന് ഏറ്റവും വലിയ ഉദാഹരണം താന്‍ തന്നയാണെന്നും മുകേഷ് സഭയില്‍ പറഞ്ഞു.

 

ശബരിമലയില്‍ ദുരുദ്ദേശ്യത്തോടുകൂടി തമ്പടിച്ച ശബരിമല കര്‍മ്മസമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചത് അയ്യപ്പന്റെ ശക്തി കൊണ്ടാണ്. ശബരിമല വിഷയത്തില്‍ രാവിലെയും രാത്രിയും നിലപാട് മാറ്റിമാറ്റി പറയേണ്ട ഗതികേട് ബിജെപി അധ്യക്ഷനുണ്ടായതും അയ്യപ്പകോപം കൊണ്ടാണെന്ന് മുകേഷ് പറഞ്ഞു.

 

ബിജെപിയുടെ ഒരു പ്രധാന നേതാവിന് പതിനാല് ദിവസം ജയിലില്‍ കിടക്കേണ്ടിവന്നതും അയ്യപ്പകോപം കൊണ്ടാണ്. അയ്യപ്പന്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചതാണ്. മറ്റൊരു വനിതാ നേതാവിനെക്കൊണ്ട് അയ്യപ്പന്‍ 25,000 രൂപ കോടതിയില്‍ പിഴയടപ്പിച്ചു. ഇവയാണ് അയ്യപ്പന്റെ ശക്തിയില്‍ വിശ്വസിക്കാന്‍ തനിക്കുള്ള കാരണങ്ങളെന്നും മുകേഷ് പറഞ്ഞു.