Monday 08 March 2021
ജനവിശ്വാസം ഉള്ളവരായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍: മുല്ലപ്പള്ളി

By Web Desk.22 Jan, 2021

imran-azhar

 

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് അണിനിരത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഉമ്മന്‍ ചാണ്ടി@50 എന്ന പുസ്തകം ഇന്ദിരാഭവനില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.

 

സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും ഡല്‍ഹിയില്‍ നടന്നിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനവധാനത കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിയ തിരിച്ചടിയുണ്ടായിട്ടുണ്ട്. ജനവിശ്വാസം ഉള്ളവരായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. യുവജനങ്ങള്‍, മഹിളകള്‍, അവശദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍,ന്യൂനപക്ഷവിഭാഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടാകും.ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു.ജനങ്ങളെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്ത് കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

എല്ലാനേതാക്കളും ഒറ്റക്കെട്ടായി ഒരുമനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടും. കൂട്ടായ നേതൃത്വമാണ് നയിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആരാണ് നയിക്കുക എന്നത് ഹൈക്കമാന്റ് തീരുമാനിക്കും എന്ന് എകെ ആന്റണിയും കെസി വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്.മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.ഊഹാപോഹങ്ങള്‍ക്ക് പിറകെ ഒരു പ്രവര്‍ത്തകനും പോകരുത്.അച്ചടക്കത്തോടും ഏകമനസ്സോടും കൂടി മുന്നോട്ട് പോയാല്‍ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും.എല്‍ഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. യുവാക്കളുടെയും അവശദുര്‍ബല വിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ വരുന്ന യുഡിഎഫ് സര്‍ക്കാരിനു പരിഹരിക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് കേരളത്തില്‍ വികസന സംസ്‌കാരം ഉണ്ടാക്കിയത്. അവരുടെ കയ്യൊപ്പുപതിയാത്ത ഒരു വികസനവും കേരളത്തില്‍ ഉണ്ടായിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ് കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയുമൊക്കെ ചരിത്രത്തില്‍ ഇടംപിടിച്ചത്.ക്ഷേമപ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് മുന്നിലുള്ളത്. ക്ഷേമപെന്‍ഷന്‍ തുടങ്ങിയത് ആര്‍ ശങ്കറാണ്. സൗജന്യറേഷന്‍ നല്കിയത് ഉമ്മന്‍ ചാണ്ടിയാണ്. പെന്‍ഷനും ഭക്ഷ്യകിറ്റുമൊക്കെ മുന്‍ സര്‍ക്കാരുകളുടെ തുടര്‍ച്ചയാണ്. അതില്‍ കൊട്ടിഘോഷിക്കാന്‍ ഒന്നുമില്ല.

 

ജനങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടും അവരെ വായിച്ചറിഞ്ഞുമാണ് ഉമ്മന്‍ ചാണ്ടി പൊതുപ്രവര്‍ത്തനം നടത്തുന്നത്. ജനങ്ങളുമായി ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും തോല്‍പ്പിക്കാനാവില്ലെന്നും തകര്‍ക്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി തെളിയിച്ചു. ഒരു എംഎല്‍എ എപ്പോഴും കൂടെയുണ്ട് എന്നു ജനങ്ങള്‍ക്കു തോന്നണം. ഈ തോന്നല്‍ ഉമ്മന്‍ ചാണ്ടി ഒരു രാഷ്ട്രീയസംസ്‌കാരമാക്കി മാറ്റിയെന്നും മുല്ലപ്പള്ളി പറഞ്ഞു.