Thursday 04 June 2020




കുത്തഴിഞ്ഞ സാമ്പത്തിക സംവിധാനമാണ് സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്: മുല്ലപ്പള്ളി

By Sooraj Surendran .02 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന സാലറി ചലഞ്ചിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കുത്തഴിഞ്ഞ സാമ്പത്തിക സംവിധാനവും ധനകാര്യരംഗത്തെ കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇതിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മന്ത്രിമാരുമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. ആര്‍ഭാടത്തിനും ധൂര്‍ത്തിനും മന്ത്രിമാര്‍ തമ്മില്‍ മത്സരമായിരുന്നു. അതു ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായതുമില്ല. ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ ഒന്നര കോടിരൂപയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. ഇന്ത്യാരാജ്യത്ത് ഇന്നുവരെ ഒരു ഭരണാധികാരിക്കും നല്‍കാത്ത സുരക്ഷയാണ് കേരള മുഖ്യമന്ത്രിക്ക് നല്‍കുന്നത് അദ്ദേഹമ പറഞ്ഞു. പ്രതിസന്ധിഘട്ടത്തില്‍ കഷ്ടത അനുഭവിക്കുന്ന ജീവനക്കാരെ ഞെക്കിപിഴിയുന്ന നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമ്മതമില്ലാതെ അവരുടെ ശമ്പളം നിയന്ത്രിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചേ മതിയാകൂയെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.