Monday 18 June 2018

വിമാനഗതാഗതത്തില്‍ മുംബയ് രാജ്യാന്തര വിമാനത്താവളത്തിന് റെക്കാഡ്

By praveen prasannan.04 Feb, 2018

imran-azhar

മുംബയ്: വിമാന ഗതാഗതത്തില്‍ സ്വന്തം റെക്കാഡ് തിരുത്തി മുംബയ് അന്താരാഷ്ട്ര വിമാനത്താവളം. ജനുവരി 20ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 980 വിമാനങ്ങള്‍ ഇറങ്ങുകയും പറന്നുയരുകയും ചെയ്തതോടെയാണ് റെക്കാഡുണ്ടായത്. ഡിസംബര്‍ ആറിന് 974 വിമാനങ്ങള്‍ ഇറങ്ങുകയും പൊങ്ങുകയും ചെയ്തത്തായിരുന്നു ഇതിന് മുന്പത്തെ റെക്കാഡ്.


ഇന്ത്യയുടെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബയ് അന്താരാഷ്ട വിമാനത്താവളം റെക്കാഡിട്ടെങ്കിലും ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്വിക്കാണ് ഇപ്പോഴും ലോകത്തെ ഏറ്റവും കാര്യക്ഷമമായ ഒറ്റ റണ്‍വേയുള്ള വിമാനത്താവളം.

ഈ വര്‍ഷം വേനലില്‍ ഗാറ്റ്വിക്കില്‍ പ്രതിദിനം 870 വിമാനങ്ങളുടെ പോക്കുവരവുകളാണ് ഉണ്ടാവുകെയെന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ മുംബയില്‍ ദിവസം 24 മണിക്കൂറും വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്. ഗാറ്റ്വിക്കില്‍ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ അര്‍ദ്ധരാത്രി വരെയാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.

ഗാറ്റ്വിക്കിലെ ഒറ്റ റണ്‍വേയുടെ വിമാനഗതാഗത പരിധി മണിക്കൂറില്‍ 55 ആണ്. എന്നുവച്ചാല്‍ മണിക്കൂറില്‍ 55 വിമാനങ്ങള്‍ പറന്നിറങ്ങുകയോ പൊങ്ങുകയോ ചെയ്യുന്നു. മുംബയില്‍ ഈ കണക്ക് അപൂര്‍വമായെങ്കിലും 52 എണ്ണത്തില്‍ എത്താറേയുള്ളൂ.

മുംബയ് വിമാനത്താവളത്തിന് സ്ഥലപരിമിതിയുണ്ട്. അടിസ്ഥാനസൌകര്യങ്ങളിലും കുറവുണ്ട്. ഇവിടത്തെ ഒറ്റ റണ്‍വേയില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കാന്‍ പെട്ടെന്ന് പറ്റില്ല. സൌകര്യങ്ങളുടെ കാര്യത്തില്‍ ഗാറ്റ്വിക്, മുംബയ് വിമാനത്താവളങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ലണ്ടനില്‍ നാല് വിമാനത്താവളങ്ങളാണുള്ളത്.ഹീത്രു ഗാറ്റ്വിക്, സ്റ്റാന്‍സ്റ്റെഡ്,ലുറ്റോന്‍ എന്നിവയാണവ. ഹീത്രുവില്‍ ഒരേ സമയം രണ്ട് റണ്‍വേകള്‍ പ്രവര്‍ത്തനസജ്ജമാണ്. മറ്റുള്ള വിമാനത്താവളങ്ങളില്‍ ഓരോ റണ്‍വേ വീതവുമുണ്ട്.

മുംബെയില്‍ വലിയ റണ്‍വേയും അനുബന്ധമായി ചെറിയ റണ്‍വേയുമുണ്ട്. എന്നാല്‍ ഒരു സമയം ഒരെണ്ണമെ പ്രവര്‍ത്തിക്കൂ.