Friday 07 August 2020
ദുരന്തത്തെ ദുരന്തമാക്കി മാറ്റല്ലേ..! മുരളി തുമ്മാരക്കുടി

By Sooraj Surendran.19 Aug, 2019

imran-azhar

 

 

 

സംസ്ഥാനത്തെ പിടിച്ചുകുലുക്കി വീണ്ടുമൊരു പ്രളയം കൂടി കടന്നുപോയി. ഒരേ മനസോടെ ഒറ്റക്കെട്ടായി ഈ പ്രളയക്കെടുതിയെ നാം അതിജീവിച്ചു. നിരവധി പേരാണ് പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇതിനിടയിലും കേരളത്തിൽ പഴന്തുണി ദുരിതാശ്വാസത്തിന് ഒരു കുറവുമില്ലെന്ന് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരക്കുടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം...

 

ഇനിയും പഠിക്കേണ്ട ദുരന്ത പാഠങ്ങൾ...

 

അവധി കഴിഞ്ഞ് ഇന്ന് രാവിലെ ജനീവയിൽ എത്തി. സത്യത്തിൽ അവധി ഒന്നും ഉണ്ടായില്ല, എല്ലാ ദിവസവും തിരക്കായിരുന്നു, അവസാന ദിവസങ്ങൾ ഈ വർഷത്തെ ദുരന്തത്തിന്റെ നടക്കും പെട്ടു.

ഒരു ദുരന്തമുണ്ടാകുന്പോൾ കേരളസമൂഹം പരസ്പരം സഹായിക്കാൻ ഒരുമിച്ചു വരുന്നത് ലോകമാതൃകയാണ്. ഒരു മലയാളി എന്ന നിലയിൽ എനിക്ക് അഭിമാനം നൽകുന്നതാണ്. കഴിഞ്ഞ പ്രളയകാലത്ത് നാം അത് കണ്ടു. അതുകഴിഞ്ഞ് സമൂഹത്തെ പിളർക്കുന്ന പലതും ഉണ്ടായി, എന്നാലും ഈ വർഷവും ദുരന്തം എത്തിയപ്പോൾ നമ്മൾ ഒന്നായി അതിനെ നേരിട്ടു.

വെള്ളപ്പൊക്കം ഇത്തവണ കഴിഞ്ഞ തവണത്തെ അത്രയും സ്ഥലങ്ങളെ ബാധിച്ചില്ല, മിക്കവാറും സ്ഥലത്ത് വെള്ളമിറങ്ങി, ക്യാന്പുകളിൽ നിന്നും ആളുകൾ വീട്ടിലെത്തി, ക്യാന്പുകൾ പലതും പിരിച്ചു വിട്ടു. മണ്ണിടിച്ചിൽ കൈകാര്യം ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യമാണ്, വീട് മാത്രമല്ല വീട് വച്ച സ്ഥലം പോലും ആളുകൾക്ക് നഷ്ടമായിരിക്കയാണല്ലോ. അക്കാര്യം ശരിയാക്കാൻ കുറച്ചു താമസം വരും.

ഈ തവണത്തെ ദുരന്തവും ദുരിതാശ്വാസവും അടുത്ത് നിന്ന് കണ്ടതിന്റെ പശ്ചാത്തലത്തിൽ കുറച്ചു കാര്യങ്ങൾ പറയാം.

പഴന്തുണിയുടെ ദുരിതാശ്വാസം ഇപ്പോഴും തുടരുന്നു. പണ്ടൊന്നും മലയാളികൾ നേരിട്ട് ദുരന്തം കണ്ടിട്ടില്ല. തമിഴ് നാട്ടിലും ആന്ധ്രയിലുമെല്ലാം ചുഴലിക്കാറ്റുണ്ടായി ആളുകൾ ദുരിതാശ്വാസ സഹായത്തിന് വരുന്പോൾ വീട്ടിലെ പഴയ തുണികൾ എടുത്തു കൊടുക്കുന്ന രീതി, വീട്ടിലെ പഴയ തുണികൾ "അടുത്ത വർഷം ദുരന്തവുമായി ആളുകൾ വരും, അവർക്ക് കൊടുക്കാം" എന്ന് പറഞ്ഞ് എടുത്തുവെക്കുന്ന രീതി കേരളത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ അവിടെയും ഇവിടെയും കാലം മാറി. ദുരിതബാധിതർക്ക് പഴയ തുണി കൊടുക്കുന്നത് അപമാനകരമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞു. എന്നാലും ഇത് തിരിച്ചറിയാത്തവർ ഇനിയും കേരളത്തിലുണ്ട്. അഞ്ഞൂറ് പേർ ഉണ്ടായിരുന്ന ദുരിതാശ്വാസ ക്യാംപിൽ അയ്യായിരം പേർക്കുള്ള ഒരു ലോഡ് പഴയ തുണി എത്തിച്ച കഥ എൻറെ സുഹൃത്ത് ദുരന്ത മുഖത്തു നിന്നും പറഞ്ഞു. ഇത് തെറ്റാണ്, ആവർത്തിക്കരുത്. തുണി കൊടുക്കണമെന്നുണ്ടെങ്കിൽ പുതിയത് വാങ്ങി മാത്രം കൊടുക്കുക, പണം കൊടുക്കുകയാണ് കൂടുതൽ ശരി.

ദുരന്തത്തിന് തെക്കും വടക്കും ഇല്ലെങ്കിലും വലിപ്പച്ചെറുപ്പം ഉണ്ട്. ഒരാളുടെ വീടിന് മുകളിൽ മരം വീണ് കഴിഞ്ഞാൽ അയാൾക്ക് അതൊരു വലിയ ദുരന്തമാണ്. ആ ഗ്രാമത്തിലോ ജില്ലയിലോ സംസ്ഥാനത്തോ ഉള്ള മറ്റു വീടുകളിൽ മരം വീണിട്ടുണ്ട് എന്നത് അയാൾക്ക് യാതൊരു ആശ്വാസവും നൽകുന്നില്ല. അതേ സമയം മരം മുറിക്കാൻ ഓടിയെത്തേണ്ട ഫയർ ഫോഴ്‌സുകാരനെ സംബന്ധിച്ചിടത്തോളം ഒരാളുടെ വീട്ടിൽ മരം വീഴുന്നതും ഒരു ലക്ഷം ആളുകളുടെ വീട്ടിൽ മരം വീഴുന്നതും തമ്മിൽ വലിയ മാറ്റമുണ്ട്. ഈ കാരണം കൊണ്ടാണ് ദുരന്തങ്ങളെ പല വിഭാഗങ്ങളായി തരം തിരിക്കുന്നത്. അന്താരാഷ്ട്രമായി ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നതനുസരിച്ച് M1, M2, M3 എന്നിങ്ങനെ ദുരന്തത്തെ തരം തിരിച്ചിരിക്കുന്നു. ഏതൊരു ദുരന്തവും എത്ര വ്യാപ്തിയുള്ളതാണെന്ന് മനസ്സിലാക്കി വേണം ദുരന്ത നിവാരണത്തിനും ദുരിതാശ്വാസത്തിനുമുള്ള ശ്രമങ്ങൾ പ്ലാൻ ചെയ്യാൻ. ചെറിയ ദുരന്തത്തെ വലിയ ദുരന്തമായി കണ്ടു നേരിടുന്നതും വലിയ ദുരന്തത്തെ ചെറിയ ദുരന്തം നേരിടുന്നത് പോലെ കൈകാര്യം ചെയ്യുന്നതും ശരിയല്ല. ദുരന്ത മധ്യത്തിൽ നിൽക്കുന്നവർക്ക് പലപ്പോഴും ഈ വ്യത്യാസം മനസ്സിലായി എന്ന് വരില്ല. അതിനാൽ ഈ കാര്യത്തിൽ നമുക്ക് മുൻകൂട്ടി തയ്യാറാക്കിയ മാനദണ്ഡങ്ങൾ വേണം. ഇക്കാര്യം ആര് തീരുമാനിക്കുമെന്നും മുൻകൂട്ടി പ്ലാൻ ചെയ്യണം.

ദുരന്തത്തെ പറഞ്ഞു വലുതാക്കരുത്. നമ്മുടെ അടുത്തൊരു ദുരന്തമുണ്ടായാൽ അത് ഏറ്റവും പെരുപ്പിച്ചു കാട്ടാൻ ആളുകൾക്ക് ഒരു താല്പര്യമുണ്ട്. ഒരു കെട്ടിടം ഇടിഞ്ഞുവീണ സ്ഥലത്തെത്തിയാൽ പൊതുവിൽ അതിനകത്ത് പെട്ടവരുടെ മൂന്നിരട്ടിയെങ്കിലും ആൾ ഉണ്ടെന്നാണ് ആദ്യത്തെ റിപ്പോർട്ടുകൾ വരിക. ഈ തവണ പ്രളയത്തിലും അത് ഞാൻ കണ്ടു. പെരുന്പാവൂരിൽ സാധാരണ ഞാൻ കാണുന്ന വെള്ളമേ ഉണ്ടായുള്ളൂ. പക്ഷെ ‘പാലക്കാട്ട് താഴം പാലം മുങ്ങി’ എന്നാണ് സന്ദേശങ്ങൾ വരുന്നത്, അത് തന്നെയാണ് പത്രക്കാരും റിപ്പോർട്ട് ചെയ്യുന്നത്. ദുരന്തങ്ങളെ ഒരിക്കലും ചെറുതാക്കി കാണിക്കരുത്, എന്നാൽ അതുപോലെ തന്നെ അതിനെ പെരുപ്പിച്ചു കാണിച്ച് ആളുകളെ പേടിപ്പിക്കുകയും അരുത്.

മലയാളികൾ നന്നായി പേടിച്ചിട്ടുണ്ട്: കഴിഞ്ഞ പ്രളയകാലത്ത് ‘എൻറെ അപ്പൂപ്പന്റെ കാലത്ത് പോലും ഇവിടെ വെള്ളം പൊങ്ങിയിട്ടില്ല’ എന്ന് പറഞ്ഞ്, ബെഡ്‌റൂമിൽ വെള്ളം എത്തിയപ്പോൾ ഓടിപ്പോകേണ്ടി വന്നതിൽ നിന്നും മലയാളി ഏറെ പഠിച്ചിട്ടുണ്ട്. ഇപ്പോൾ പുഴയിൽ വേണ്ട, ടി വി യിൽ വെള്ളം കണ്ടാൽത്തന്നെ മലയാളി വീടുവിട്ട് ഓടും. ഇക്കാര്യം അറിഞ്ഞു വേണം മാധ്യമങ്ങൾ പ്രളയ വാർത്തകൾ കൈകാര്യം ചെയ്യാൻ.

മഴ പെയ്യാനും പെയ്യാതിരിക്കാനും: ഓഖി മുതൽ ഈ വർഷത്തെ കനത്ത മഴ വരെ കാലാവസ്ഥ പ്രവചനം ജനങ്ങൾക്കോ സർക്കാരിനോ വേണ്ടത്ര മുന്നറിയിപ്പ് നൽകിയിരുന്നില്ല. അതേസമയം പ്രളയവും വെള്ളപ്പൊക്കവും ഉണ്ടായിക്കഴിഞ്ഞ് ‘ഇനിയും കനത്ത മഴ പെയ്യും’ എന്നുള്ള തരത്തിലുള്ള പ്രവചനങ്ങളും വെള്ളത്തിലാവുകയാണ്. ഇക്കാര്യത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തിയേ തീരൂ. ലോകമെന്പാടും കാലാവസ്ഥ പ്രവചനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. കാലാവസ്ഥ പ്രവചനം കൂടുതൽ വിശ്വസനീയമാക്കണം.

പണം കയറ്റി അയക്കാനുള്ള മടി തുടരുന്നു: ഒരു ദുരന്തം ഉണ്ടായി ആദ്യ ദിവസങ്ങൾ കഴിഞ്ഞാൽ പിന്നെ ഭക്ഷണ സാധനങ്ങളും വെള്ളവും ഒന്നുമല്ല പരമാവധി പണമാണ് ദുരന്തബാധിത പ്രദേശത്തേക്ക് അയക്കേണ്ടതെന്ന് പറഞ്ഞുപറഞ്ഞ് ഞാൻ തോറ്റു. പ്രളയം കഴിഞ്ഞ് ഒരാഴ്ചക്കു ശേഷം ആസ്സാമിലേക്ക് കൊച്ചിയിൽ നിന്നും കുടിവെള്ളം കയറ്റി അയക്കുന്നതിൽ ഞാൻ അഭിപ്രായം പറഞ്ഞപ്പോൾ "അവിടെ വെള്ളം കുടിക്കാതെ മരിക്കുന്നവരുടെ ചോര ചേട്ടന്റെ കയ്യിലുണ്ടാകും" എന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്. ആത്മാർത്ഥത കൂടുതൽ കൊണ്ടാണ് ആളുകൾ ഇത് ചെയ്യുന്നതെങ്കിലും ഈ കാര്യത്തിൽ ആളുകൾക്ക് കൂടുതൽ അറിവുണ്ടായേ തീരു. നമ്മൾ ദൂരെ നിന്നും ഭക്ഷണവും വസ്ത്രവും ഒരാഴ്ച കഴിഞ്ഞും കയറ്റി അയക്കുന്പോൾ ആ പ്രദേശത്തെ സന്പദ്‌വ്യവസ്ഥയെ അത് തകർക്കുകയാണ് ചെയ്യുന്നത്. ആദ്യ ദിവസങ്ങളിൽ എന്തും കൊടുക്കാം, പക്ഷെ ആ പ്രദേശത്തേക്കുള്ള ഗതാഗതം സാമാന്യ നിലയിലായാൽ അവിടുത്തെ സപ്ലൈ ചെയിൻ സ്വാഭാവികമായും പുനഃസ്ഥാപിക്കപ്പെടും. അതിനെ പിന്തുണക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ ചെറുകിട വ്യാപാരികൾ, ആ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എല്ലാം കൂടുതൽ ദുരിതത്തിലാകും.

ദുരന്തത്തെ ദുരന്തം ആക്കരുത്: കഴിഞ്ഞ വർഷം ദുരന്തം പ്രമാണിച്ച് ഏറെ ഓണാഘോഷങ്ങൾ നിറുത്തലാക്കി. ഓണം എന്നാൽ കേരളത്തിലെ വ്യാപാരികൾക്ക് മാത്രമല്ല കലാകാരന്മാർക്കും കരകൗശലക്കാർക്കും ഏറ്റവും കൂടുതൽ തൊഴിൽ കിട്ടുന്ന സമയമായതിനാൽ ഓണാഘോഷം മാറ്റിവക്കുന്പോൾ ദുരന്തം നേരിട്ട് ബാധിക്കാത്തവരിലേക്ക് കൂടി നമ്മൾ അത് പടർത്തുകയാണ്. ഇത് ചെയ്യരുത്. ആഘോഷങ്ങളിൽ അല്പം മിതത്വം ആകാം, ദുരന്തത്തിൽ അകപ്പെട്ടവരെ ഓർക്കുകയാവാം, ആഘോഷങ്ങൾക്ക് മാറ്റിവച്ച തുകയിൽ അല്പം ദുരിതബാധിതർക്ക് നല്കുകയാവാം, പക്ഷെ മൊത്തമായി ആഘോഷങ്ങൾ മാറ്റിവെക്കുന്നത് ശരിയല്ല.

ദുരിതാശ്വാസം ഓട്ട മത്സരമല്ല: ദുരന്തം സംഭവിച്ചു കഴിഞ്ഞാൽ അവരെ സഹായിക്കാൻ നമ്മുടെ ആളുകൾ പ്രത്യേകിച്ച് യുവാക്കൾ മത്സരിക്കുകയാണ്. ഇത് നല്ലതാണ്. അതേ സമയം ഇതൊരു മത്സര ഐറ്റം അല്ല. ദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ട സഹായം എത്തിക്കുകയാണ് പ്രധാനം, ജില്ലകളും ക്ലബുകളും തമ്മിൽ ഇക്കാര്യത്തിൽ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്, മത്സരമല്ല.

ദുരന്തപ്രദേശം ടൂറിസം ഡെസ്റ്റിനേഷൻ ആക്കരുത്: ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ടൂറിസ്റ്റുകളെ പോലെ ഓടിപ്പോകരുത്. അവിടെ എന്താവശ്യത്തിന് ചെന്നതാണെങ്കിലും ഔചിത്യമില്ലാതെ പെരുമാറരുത്. ഇത് ദുരിതാശ്വാസത്തെ ബാധിക്കും, മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങൾ വർദ്ധിപ്പിക്കും, ദുരിത ബാധിതരെ അപമാനിക്കുന്നതിന് തുല്യമാണ് അവരെ സഹായിക്കാൻ അല്ലാതെ അവരുടെ ചിത്രങ്ങൾ പകർത്തുന്നത്.

പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം കൊടുക്കണം: ഈ രണ്ടു ദുരന്തത്തിലും കണ്ട ഒരു കാര്യം നമ്മുടെ ജനപ്രതിനിധികൾ, പ്രത്യേകിച്ച് പഞ്ചായത്തംഗങ്ങളാണ് ദുരന്തമുഖത്ത് ഓടിയെത്തുന്നതും രക്ഷാ പ്രവർത്തനം മുതൽ ക്യാംപ് മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങളിൽ ഇടപെടുന്നതും. കേരളത്തിലെ പഞ്ചായത്തുകൾക്ക് ഇപ്പോൾ വാഹനങ്ങൾ, എൻജിനീയർമാർ, കെട്ടിടങ്ങൾ, കമ്മൂണിറ്റി ഹാൾ, മറ്റു ജോലിക്കാർ എന്നിങ്ങനെ ധാരാളം വിഭവങ്ങളുണ്ട്. പക്ഷെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ സംയോജിപ്പിക്കുന്ന ജോലി ഇപ്പോഴും റെവന്യൂ സംവിധാനങ്ങൾക്കാണ്. താഴേത്തട്ടിൽ ഇത് വില്ലേജ് ഓഫിസാണ്. ഇപ്പോൾ ശരാശരി വില്ലേജ് ഓഫിസിന് പഞ്ചായത്ത് സംവിധാനത്തിന്റെ പത്തിലൊന്ന് ആൾശക്തിയും നൂറിലൊന്നു വിഭവശക്തിയും ഇല്ല. പഞ്ചായത്തംഗങ്ങൾ നാട്ടിലെ മുക്കും മൂലയും അറിയുന്നവരാകുന്പോൾ വില്ലേജിലെ സ്റ്റാഫ് ആ നാട്ടിൽ നിന്നുള്ളവർ ആയിരിക്കണമെന്നില്ല. ദുരന്ത സമയത്ത് ക്യാംപ് മാനേജമെന്റ് തൊട്ട് ദുരിതാശ്വാസം നൽകുന്നത് വരെയുള്ള കാര്യങ്ങളിൽ നമ്മുടെ പഞ്ചായത്ത് സംവിധാനത്തിന് കൂടുതൽ അധികാരങ്ങൾ നൽകണം.

യുവാക്കളുടെ ഊർജ്ജം നിലനിർത്തണം: 2018 ലും 2019 ലും ദുരന്ത പ്രദേശത്തേക്ക് ഓടിയെത്തിയതും ദുരിതാശ്വാസത്തിന് മുന്നിൽ നിന്നതും നമ്മുടെ യുവാക്കളാണ്. പക്ഷെ ദുരന്തം കഴിഞ്ഞ ശേഷം അവർക്ക് ഒരു റോളും ഉണ്ടായില്ല. സന്നദ്ധ പ്രവർത്തനം നമ്മുടെ കരിക്കുലത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാക്കണം. ഇവരുടെ ഊർജ്ജം ദുരന്ത ലഘൂകരണത്തിന് ഉൾപ്പടെ ഉപയോഗിക്കണം. ഇതിനായി ഒരു കർമ്മ പദ്ധതി വേണം.

ദുരന്തത്തിന്റെ അടിസ്ഥാന കാരണങ്ങൾ, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ 2018 ലെ പ്രളയവും 2019 ലെ മണ്ണിടിച്ചിലും ഒഴിവാകുമായിരുന്നോ എന്നുള്ള ചോദ്യത്തിന്റെ ഉത്തരവും വരും ദിവസങ്ങളിൽ എഴുതാം.

മുരളി തുമ്മാരുകുടി