Saturday 04 April 2020
മാലിന്യവുമായെത്തിയ വാഹനം പിടികൂടിയ നഗരസഭാ സ്‌ക്വാഡിനെ കൊലപ്പെടുത്താന്‍ ശ്രമം

By online desk .03 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: നഗരസഭ സ്‌ക്വാഡ് ജീവനക്കാരെ സിനിമാ സ്റ്റൈലില്‍ കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ അര്‍ദ്ധരാത്രിയില്‍ തലസ്ഥാന നഗരിയിലാണ് സംഭവം. മണികണ്ഠന്‍, ഷിജു എന്നീ സ്‌ക്വാഡ് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. മാലിന്യം പിടികൂടിയ വാഹനത്തെയും അതിലുണ്ടായിരുന്ന ഡ്രൈവറെയും തൊഴിലാളികളെയും കടത്തിക്കൊണ്ടു പോവുകയും ചെയ്തു. കഴക്കൂട്ടം ആറ്റിപ്രയ്ക്കു സമീപം കുഴിവിളയില്‍ മാലിന്യവുമായി വാഹനം വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ജീവനക്കാര്‍ പരിശോധനയ്‌ക്കെത്തിയത്. വഴിയില്‍ വച്ചുതന്നെ മിനി ലോറിയെ സ്‌ക്വാഡ് ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോള്‍ കോഴി വേസ്റ്റാണെന്നു മനസിലായി. എവിടേക്ക് കൊണ്ടുപോകുന്നുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഇല്ലാത്തതിനാല്‍ വാഹനം കസ്റ്റഡിയിലെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ ഒരു ഓട്ടോയിലും ഡ്രൈവറെ ലോറിയിലുമായി സംഘം നഗരസഭയുടെ ഗോഡൗണിലേക്ക് യാത്ര തിരിച്ചു. ലോറി പിടിക്കപ്പെട്ട വിവരമറിഞ്ഞ മാഫിയാ സംഘം ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. ശ്രീവരാഹം-കൊത്തളം റോഡിലെത്തിയപ്പോഴേക്കും സംഘം ലോറിയെ തടഞ്ഞു. ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികളെയും കൊണ്ട് ഷിജുവാണ് ഓട്ടോയില്‍ വന്നത്. ലോറി എത്തുന്നതിനു മുമ്പുതന്നെ ഇവര്‍ എരുമക്കുഴിക്കു സമീപം എത്തി. ഈസമയമാണ് ഗുണ്ടാസംഘം അവിടെയെത്തിയത്. ഷിജുവിനെ കണ്ടതോടെ അവന്റെ കൈയും കാലും തല്ലിയൊടിക്കടാ എന്നാക്രോശിച്ചായിരുന്നു ഗുണ്ടാസംഘം പാഞ്ഞടുത്തത്. ഈസമയം മിനി ലോറിയുമായി മണികണ്ഠനും പുറകെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമെത്തി. ആക്രമണത്തില്‍ സംഘം ഷിജുവിന്റെ കൈ തല്ലിയൊടിച്ചു. ഈസമയം ഓട്ടോയിലുണ്ടായിരുന്ന രണ്ടു തൊഴിലാളികള്‍ മണികണ്ഠനെയും ആക്രമിച്ചു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തി മണികണ്ഠനും ഷിജുവും പരാതി നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെനിന്നും ഇവരെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇന്നു പുലര്‍ച്ചെ മൂന്നോടെ വീട്ടിലേക്കു മടങ്ങും വഴി കുഴിവിള ജംഗ്ഷനു സമീപം വീണ്ടും മാഫിയാസംഘം തടഞ്ഞുനിര്‍ത്തി. മാത്രമല്ല മാരകമായി വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുംമറ്റു ജീവനക്കാരും സഞ്ചരിച്ച ഓട്ടോറിക്ഷയും അക്രമികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. ഒരാഴ്ച മുമ്പും ഇത്തരത്തില്‍ രാത്രികാല പരിശോധനാ സംഘത്തിനു നേരെ മാഫിയാസംഘത്തിന്റെ ആക്രമണമുണ്ടായി. ഇതുസംബന്ധിച്ച് പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.


വിഷയം ഗൗരവമുള്ളതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

 

നഗരസഭാ ജീവനക്കാര്‍ക്ക് നേരെ അടുത്തിടെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ഗ്രേഡ് രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയന്‍ പറഞ്ഞു. ഇവര്‍ക്ക് എന്തും സംഭവിക്കാം. ജീവന്‍ പണയം വച്ചാണ് എല്ലാ ദിവസവും രാത്രികാല സ്‌ക്വാഡിനായി തുമ്പൂര്‍മുഴി ജീവനക്കാര്‍ പരിശോധനയ്ക്കിറങ്ങുന്നത്. ഇവര്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ പൊലീസ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ലോറിയുടമയെ തിരിച്ചറിഞ്ഞു: പിടികൂടേണ്ടത് പൊലീസ്: ഐ.പി. ബിനു

 

നഗരസഭാ ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണം ഇത് ആദ്യമായിട്ടല്ലെന്നും പൊലീസിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്നും ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.പി. ബിനു. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ലോറി ഡ്രൈവറുടെ മേല്‍വിലാസവും മറ്റു വിവരങ്ങളും നഗരസഭയാണ് കണ്ടെത്തിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടും അവര്‍ ഇതുവരെ അത് കണ്ടെത്താനോ ആരൊക്കെയാണ് അക്രമികളെന്നു പരിശോധിക്കാനോ തയാറായിട്ടില്ല. നഗരത്തില്‍ പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കാന്‍ ആരെയും അനുവദിക്കില്ല. ഇതിനായി നിരവധി സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കേണ്ടത് പൊലീസാണ്. അതിന് അവര്‍ തയാറായില്ലെങ്കില്‍ തന്റെ നേതൃത്വത്തില്‍ സുരക്ഷയൊരുക്കുമെന്നും ബിനു കലാകൗമുദിയോടു പറഞ്ഞു. ലോറി ഉടമയുടെ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഉടമയുടെ ഫോണ്‍ നമ്പര്‍ സഹിതമാണ് നല്‍കിയിട്ടുള്ളത്. പൊലീസ് പ്രതികളെ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ഇല്ലെങ്കില്‍ ശക്തമായ ഇടപെടല്‍ നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ദിവസവും രാത്രികാല സ്‌ക്വാഡുകള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നതിലുപരി തലസ്ഥാന നഗരവാസികളുടെ ആരോഗ്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിനായി എന്നാലാകുന്ന കാര്യങ്ങള്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്നും ബിനു പറഞ്ഞു.