Tuesday 17 October 2017

മുത്തലാക്ക് പ്രതിസന്ധിയിലാക്കിയ വനിതകള്‍ യോഗി ആദിത്യനാഥിന് രാഖി അയച്ചു

By praveen prasannan.05 Aug, 2017

imran-azhar

ബറേലി: മുത്തലാക്ക് മൂലം ദുരിതത്തിലായ നാല്‍പതോളം മുസ്ളീം വനിതകള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രാഖികള്‍ അയച്ചു നല്‍കി. തങ്ങള്‍ രാജ്യത്തിന്‍റെ സഹോദരിമാരാണെന്നും മുഖ്യമന്ത്രി സഹോദരന്‍റെ ഉത്തരവാദിത്തം നിറവേറ്റി നീതി ലഭ്യമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

മുത്തലാക്കും ഗാര്‍ഹിക പീഡനവും മൂലം ജീവിതം പ്രതിസന്ധിയിലാണെന്ന് ഈ വനിതകള്‍ കണ്ണീരോടെ പറയുന്നു. കുറച്ചു കാലം മുന്പാണ് തന്നെ ഭര്‍ത്താവ് മൊഴി ചൊല്ലിയതെന്ന് ഇരുപതിരണ്ടു കാരിയായ ഇഷാ ഖാന്‍ പറയുന്നു. ഭര്‍തൃസഹോദരന്‍റെയും സഹോദരിമാരും പീഡിപ്പിച്ചിരുന്നു. ഇത് ഒരു ദിവസം ഭര്‍ത്താവിനോട് പറഞ്ഞു. തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ച ഭര്‍ത്താവ് കോപം കൊണ്ട് വിറച്ച് മൂന്ന് പ്രാവശ്യം തലാക്ക് ചൊല്ലുകയായിരുന്നു. തന്നെ പോലുള്ള സ്ത്രീകളെ സഹായിക്കുമെന്ന് ബി ജെ പി തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നല്‍കിയിരുന്നു . അതോര്‍മ്മിപ്പിക്കാനാണ് മുഖ്യമന്ത്രിക്ക് രാഖി അയച്ചതെന്ന് ഇവര്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്പാണ് ഭര്‍ത്താവ് മൊഴി ചൊല്ലിയതെന്ന് ഇരുപത്തിയേഴുകാരി ഫര്‍ഹാന പറഞ്ഞു. ഭര്‍ത്താവിന് വേണ്ടിയിരുന്നത് ആണ്‍കുട്ടിയെയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയാണ് ഉണ്ടായത്. ഇതോടെ തന്നെ മൊഴി ചൊല്ലി ഭര്‍ത്താവ് സൌദി അറേബിയയിലേക്ക് പോയി. രാഖി അയച്ചതിലൂടെ തന്‍റെ ദുരിതങ്ങള്‍ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുകയാണ് ലക്ഷ്യം.

ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനാലാണ് ഭര്‍ത്താവ് മൊഴി ചൊല്ലിയതെന്ന് നുസാഹത് കിസ പറഞ്ഞു. ശാരീരികമായി പീഢിപ്പിക്കുകയും ചെയ്തിരുന്നു. ഗര്‍ഭം ധരിച്ചപ്പോള്‍ ചവിട്ടേറ്റ് ഗര്‍ഭം അലസി. നീതി കിട്ടണം. അതിന് വേണ്ടിയാണ് രാഖി മുഖ്യമന്ത്രിക്ക് അയച്ചതെന്ന് ഇവര്‍ പറഞ്ഞു.

മേര ഹക് എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഈ വനിതകള്‍ മുഖ്യമന്ത്രിക്ക് രാഖി അയച്ചത്.