Friday 22 November 2019




മൂന്നാറിൽ ജീപ്പിൽ നിന്നും തെറിച്ചുവീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

By Online Desk .10 Sep, 2019

imran-azhar

 

 

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ യാത്രക്കിടെ വാഹനത്തില്‍ നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്. ജീപ്പില്‍ യാത്രചെയ്യുകയായിരുന്നു കുടുംബം. രാജമല ചെക്‌പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാകണം അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡില്‍ വീണുപോയതെന്നാണ് കരുതുന്നത്. പഴനിയില്‍ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡില്‍ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ല. ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നുള്ള വെളിച്ചം കണ്ട ഒന്നര വയസുള്ള കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയില്‍ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.


കമ്പിളിക്കണ്ടത്തെ വീടിനടുത്ത് എത്താറായപ്പോഴാണ് കുഞ്ഞ് വാഹനത്തില്‍ ഇല്ലെന്ന വിവരം അച്ഛനും അമ്മയും അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കമ്പിളിക്കണ്ടം സ്വദേശി സതീഷും കുടുംബാംഗങ്ങളും ഒന്നിച്ചാണ് യാത്ര ചെയ്തിരുന്നത്. വാഹനത്തിന് പുറകിലെ സീറ്റില്‍ അമ്മയുടെ മടിയിലായിരുന്നു കുഞ്ഞ് ഇരുന്നിരുന്നത്. വാച്ചര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് എത്തി. കുഞ്ഞിന്റെ മുഖത്ത് ചെറിയ പരിക്ക് ഉണ്ടായിരുന്നു. വനപാലകര്‍ തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിലാക്കുന്നതും പൊലീസില്‍ വിവരം അറിയിക്കുന്നതും. പൊലീസ് സമീപത്തെ സ്റ്റേഷനുകളിലേക്കെല്ലാം വിവരം അറിയിക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ മാതാപിതാക്കള്‍ കുഞ്ഞിനെ തിരയുന്നത് അറിഞ്ഞ വെള്ളത്തൂവല്‍ പൊലീസാണ് മൂന്നാറിലെ ആശുപത്രിയില്‍ കുഞ്ഞുണ്ടെന്ന വിവരം കുടുംബത്തെ അറിയിക്കുന്നത്. അച്ഛനും അമ്മയും ആശുപത്രിയിലെത്തിയാണ് കുഞ്ഞിനെ വീണ്ടെടുത്തത്. രാജമലയിലെ ചെക്‌പോസ്റ്റിലേക്ക് കയറിപ്പോകുന്ന ഭാഗത്ത് വളവ് തിരിയുമ്പോള്‍ മയക്കത്തിലായിരുന്ന അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞ് ഊര്‍ന്ന് താഴെ പോയിരിക്കാം എന്നാണ് കരുതുന്നത്. വന്യമൃഗങ്ങളൊക്കെ ഉള്ള പ്രദേശത്തുനിന്ന് കുഞ്ഞിനെ പരിക്കുകളില്ലാതെ രക്ഷിക്കാനായതിന്റെ ആശ്വസത്തിലാണ് എല്ലാവരും.