Tuesday 17 September 2019




'ഓര്‍ ഏക് ബാര്‍, മോദി സര്‍ക്കാര്‍..' വിജയമുറപ്പാക്കിയ മുദ്രാവാക്യം

By online desk .25 May, 2019

imran-azhar

 

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാംവിജയത്തില്‍ ഒന്നും യാദൃച്ഛികമല്ലായിരുന്നു. വളരെ കൃത്യമായ നയരൂപീകരണവും അതിലേറെ സൂക്ഷ്മമായ പ്രാവര്‍ത്തീകരണവുമാണ് വീണ്ടുമൊരിക്കല്‍ കൂടി മോദിക്ക് വിജയമൊരുക്കിയത്. മോദി എന്ന രാഷ്ട്രീയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പിന്നില്‍ സംഭവിച്ച പ്ലാനിംഗിന്റെ വിശദാംശങ്ങള്‍ ഒരിക്കലും പുറംലോകം അറിയാന്‍ പോകുന്നില്ലെന്നു മാത്രം. 
ഇക്കുറി ബിജെപി നയിച്ച എന്‍ഡിഎയ്ക്ക് ഒരേയൊരു മുഖമേ ഉണ്ടായിരുന്നുള്ളൂ. നരേന്ദ്ര മോദി. ഒരേയൊരു മുദ്രാവാക്യമേ ഉണ്ടായിരുന്നുള്ളൂ.. ' ഓര്‍ ഏക് ബാര്‍, മോദി സര്‍ക്കാര്‍..' പ്രകടന പത്രികയില്‍ തുടങ്ങി എല്ലാ പരസ്യപ്പലകകളിലും നിറഞ്ഞു കവിഞ്ഞു നിന്നത് മോദി എന്ന അസാമാന്യ സ്വാധീനശക്തി തന്നെയായിരുന്നു. എല്ലാം തന്നിലേക്ക് ചുരുക്കുന്നതില്‍ മോദി വിജയിച്ചു. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, ഇത്തവണത്തെ യുദ്ധം ' മോദിയും മോദിയും തമ്മിലാണ്'. കോണ്‍ഗ്രസ് തനിക്കുനേരെ ഉയര്‍ത്തിക്കൊണ്ടു വന്ന 'റഫാല്‍' ആരോപണങ്ങളുടെയെല്ലാം മുനയൊടിക്കാന്‍ വളരെയെളുപ്പത്തില്‍ മോദിക്ക് സാധിച്ചു. ബാലാക്കോട്ട് ആക്രമണത്തിനെ വളരെ നാടകീയമായ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച അദ്ദേഹം അതിന്റെ പേരില്‍ ദേശീയ വികാരം ഉണര്‍ത്തിവിട്ട് അത് പരമാവധി വോട്ടാക്കി മാറ്റി. ഇന്ത്യാ മഹാരാജ്യത്ത് തിരഞ്ഞെടുപ്പ് എന്നത് ഒരു ബൃഹത്ത് യജ്ഞമാണ്. അതിനെ വളരെ കൃത്യമായ ആസൂത്രണത്തോടെ അനായാസം നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിനു മുമ്പ്, അതായത് ജനുവരി മുതല്‍ മര്‍ച്ച് വരെയുള്ള മാസങ്ങളില്‍ മോഡി നടത്തിയത് 100ലധികം റാലികളാണ്. അതിനു ശേഷമുള്ള 51 ദിവസങ്ങള്‍ കൊണ്ട് അദ്ദേഹം 146 റോഡ് ഷോകളില്‍ കൂടി പങ്കെടുത്തു. അങ്ങനെ ഭഗീരഥ പ്രയത്‌നത്തിലൂടെ അദ്ദേഹം രാജ്യത്തെ 542 ലോക്‌സഭ മണ്ഡലങ്ങളില്‍ പകുതിയിലേറെ ഇടങ്ങളിലും ചെന്ന് മുഖം കാണിക്കുന്നതില്‍ വിജയിച്ചു. പ്രധാനമന്ത്രി്ക്ക് പോകാന്‍ പറ്റാതിരുന്ന ഇടങ്ങളിലൊക്കെ അമിത് ഷാ തന്റെ സാന്നിധ്യം അറിയിച്ചു. പ്രാദേശിക സഖ്യങ്ങളുണ്ടാക്കി മത്സരിച്ചിടങ്ങളിലൊക്കെ ഫോണ്‍ വിളിച്ചും മറ്റും നടത്തിയ കൃത്യമായ പ്ലാനിംഗിലൂടെ അതാത് സഖ്യകക്ഷികള്‍ എല്ലാ റോഡ് ഷോകളിലും തനിക്കൊപ്പം സ്റ്റേജ് പങ്കിടുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി.


പ്രധാനപ്പെട്ട എല്ലാ എന്‍ഡിഎ സഖ്യകക്ഷികളെയും അതായത് നിതീഷ് കുമാര്‍, റാം വിലാസ് പാസ്വാന്‍, ഉദ്ധവ് താക്കറെ, പ്രകാശ് സിംഗ് ബാദല്‍ എന്നിങ്ങനെ എല്ലാവരെയും അതാത് സംസ്ഥാനങ്ങളില്‍ നടന്ന റാലികളില്‍ തനിക്കൊപ്പം അദ്ദേഹം പങ്കെടുപ്പിച്ചു. വാരണാസിയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവേളയിലും അദ്ദേഹം പരമാവധി താരസാന്നിദ്ധ്യം ഉറപ്പിച്ചു. അങ്ങനെ 'മോദിക്ക് സഖ്യം നയിക്കാനറിയില്ല.' എന്ന ചീത്തപ്പേര് അദ്ദേഹം മായ്ച്ചു.


എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും അക്കാര്യത്തില്‍ അമ്പേ പരാജയമായിരുന്നു. ബിഹാറിലെയും കര്‍്ണാടകയിലെയും മഹാരാഷ്ട്രയിലെയും പല സഖ്യകക്ഷി റാലികളിലും രാഹുല്‍ ഗാന്ധിക്കൊപ്പം പലപ്പോഴും മറ്റു പാര്‍ട്ടികളിലെ പ്രമുഖര്‍ വരാതിരുന്ന സാഹചര്യമുണ്ടായി. 
സോഷ്യല്‍ മീഡിയയിലാണ് പിന്നെ, ഈ 'ബ്രാന്‍ഡ് മോദി' ടീമിന്റെ ഒത്തിണക്കത്തോടെയുള്ള പ്രവര്‍ത്തനം കണ്ടത്. അവര്‍ നടത്തിയ ബോധപൂര്‍വ്വമുള്ള പ്രചാരണ വേലകള്‍ ഫലം കണ്ടു. മോദിയുടെ ജനപ്രീതി 2014-നേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്ന പ്രതീതി സൃഷ്ടിക്കുന്നതില്‍ ടീം വിജയിച്ചു. കൃത്യമായി മോദിയില്‍ മാത്രം ഫോക്കസ് ചെയ്തുകൊണ്ടുള്ള ഒരു പ്രചാരണ തന്ത്രമായിരുന്നു ഓണ്‍ലൈനും ഗ്രാസ് റൂട്ട് ലെവലിലും ഒക്കെ നടത്തപ്പെട്ടത്. 
പോസ്റ്ററുകളില്‍, സോഷ്യല്‍ മീഡിയയില്‍ ഒക്കെ 'മോദിയെ അധികാരത്തില്‍ തിരികെ കൊണ്ടുവരുന്നതിനെപ്പറ്റി സംസാരിക്കുന്ന' മോദി മാത്രമായിരുന്നു നിറഞ്ഞു നിന്നത്. 'സുസ്ഥിര വികസനം, രാജ്യസുരക്ഷ, കേന്ദ്രത്തില്‍ ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാര്‍' - എന്നിവയായിരുന്നു പ്രധാന വാഗ്ദാനങ്ങള്‍. ചുരുക്കത്തില്‍ ഇത് മോദിയെ വീണ്ടും തിരഞ്ഞെടുക്കുന്നുവെന്ന പ്രമേയം ഏകകണ്ഠമായി പാസാക്കാനുള്ള ഒരു തിരഞ്ഞെടുപ്പ് മാത്രമായി ചുരുങ്ങി.


ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പ്ലാറ്റുഫോമുകളിലെ രാഹുല്‍ഗാന്ധിയുടെ പ്രചാരവേളകള്‍ അദ്ദേഹത്തിന്റെ നേതൃപാടവം, ന്യായ് പദ്ധതി വാഗ്ദാനം, പ്രിയങ്കഗാന്ധിയുടെ രംഗപ്രവേശം എന്നിങ്ങനെ പലതിലുമായി പരന്നും പടര്‍ന്നു അവ്യക്തത പൂണ്ടു നിന്നപ്പോള്‍, എന്‍ഡിഎയുടെ ടാഗ് ലൈന്‍ വളരെ ലളിതമായിരുന്നു, ' ഒരുവട്ടം കൂടി, മോദി..'


ബാലക്കോട്ടിലെ വ്യോമാക്രമണത്തിനു ശേഷം പ്രതിപക്ഷത്തിനുണ്ടായ ആശയക്കുഴപ്പം മോദിക്ക് വളരെ കൃത്യമായി മനസ്സിലായി. റാലികളിലെല്ലാം അദ്ദേഹത്തിന് വളരെ മികച്ച പ്രതികരണമാണ് ബാലക്കോട്ടിലെ തിരിച്ചടി എന്ന പരാമര്‍ശം നേടിക്കൊടുത്തത്. 'പാകിസ്ഥാനെ അവരുടെ വീട്ടില്‍ കേറി അടിച്ചു..' എന്ന പരാമര്‍ശം ജനങ്ങള്‍ കയ്യടികളോടെയാണ് എതിരേറ്റത്. പ്രതിപക്ഷമാവട്ടെ, ബാലക്കോട്ടിലെ ആക്രമണത്തിന്റെ സത്യസന്ധതയെ സംശയിച്ച്് ആദ്യം പ്രതികരിച്ചു. പിന്നീട് കുറെ ദിവസം ഒന്നും മിണ്ടാതിരുന്നു. പിന്നെ 'ഞങ്ങളും അതേ പോലെ കുറെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട്' എന്നൊരു പ്രസ്താവന. ഒക്കെയും ചീറ്റിപ്പോയി. 
ബിജെപിയുടെ സ്ട്രാറ്റജി ടീമിന് ഒരു കാര്യം വളരെ പെട്ടെന്ന് മനസ്സിലായി. കോണ്‍ഗ്രസിന് തങ്ങളെ ആക്രമിക്കാന്‍ ആകെ രണ്ടേ രണ്ടു പ്രശ്‌നങ്ങളെ ഉള്ളൂ. ഒന്ന്, ' എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇട്ടുതരും..' രണ്ട്, ' വര്‍ഷാവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കും ..' അത്ര തന്നെ.. വേറെ ഒരു ആരോപണവുമില്ല ഉന്നയിക്കാന്‍. ആകെ പറഞ്ഞുകൊണ്ടിരുന്ന 'റഫാല്‍' ആണെങ്കില്‍ ആര്‍ക്കും ഒന്നും മനസ്സിലായുമില്ല.

'ചൗക്കിദാര്‍ ചോര്‍ ഹേ...' എന്ന രാഹുലിന്റെ പരിഹാസത്തെ ' മേം ഭി ചൗക്കിദാര്‍' എന്ന കാംപെയ്‌നുമായി വളരെ ശക്തമായി 'ടീം മോദി' പ്രതിരോധിച്ചു. വളരെ വലിയ പൊതുജന പങ്കാളിത്തമാണ് ആ പ്രചാരണത്തിനുണ്ടായത്. പലരും അവരവരുടെ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ സ്വന്തം പേരിനു മുന്നില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ത്തതും ഏറെ ജനപ്രിയമായി. 
ബിജെപിയുടെ സൈബര്‍ ടീം മാതൃകാ പെരുമാറ്റ ചട്ടം പ്രഖ്യാപിച്ച അന്ന് മുതല്‍ തങ്ങളുടെ സാന്നിദ്ധ്യം ഏറെ ശക്തമാക്കി. ബിജെപി സോഷ്യല്‍ മീഡിയാ ട്രാഫിക്ക് കോണ്‍ഗ്രസിന്റെ അഞ്ചിരട്ടിയോളമായി. എന്നാല്‍ സൈബര്‍ ലോകത്തെ സാന്നിദ്ധ്യം വോട്ടായി പരിണമിച്ചോളണമെന്നില്ലെന്ന് മോദിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം 146 റോഡ് ഷോകളും 100 റാലിയുമായി പൊതുജനമധ്യത്തിലേക്കും കടന്നത്. 

 

ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ രണ്ടു സംസ്ഥാനങ്ങളില്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ച മോഡി ഏതാണ്ട് അമ്പതോളം റോഡ്ഷോകളാണ് അവിടെ മാത്രം നടത്തിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ അവസാനത്തെ മൂന്നു ഘട്ടങ്ങളില്‍ മാത്രം 18 റാലികള്‍ മോഡി നടത്തി. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ബിജെപി സ്വാധീനം വര്‍ധിച്ചു വരുന്നുവയന്ന റിപ്പോര്‍ട്ട് കിട്ടിയതും അവിടത്തെ റാലികള്‍ ഇരട്ടിപ്പിക്കാന്‍ മോഡി നേരിട്ട് തന്നെ തീരുമാനം എടുക്കുകയായിരുന്നു. സുപ്രധാനവും കിട്ടാന്‍ ഏറെ പ്രയാസമുള്ളതുമായ നാന്ദേഡ്, ഡയമണ്ട് ഹാര്‍ബര്‍, ജോധ്പുര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ മോഡി നേരിട്ടിറങ്ങി കാര്യമായ പ്രചാരണങ്ങള്‍ നടത്തി.
തിരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍, ജനപ്രിയ സിനിമാ നട•ാരുടെയും ചാനല്‍ അവതാരകരുടെയും കൂടെ നടത്തിയ പോസിറ്റീവ് ആയ അഭിമുഖങ്ങളും മോദിയുടെ ബ്രാന്‍ഡ് വാല്യൂ വര്‍ധിപ്പിച്ചു. പ്രാദേശിക ചാനലുകളടക്കമുള്ള പ്രചാരണോപാധികളിലൂടെ അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത് ഒരേയൊരു കാര്യം മാത്രം. . ' ഇത്തവണ മോദിക്ക് എതിരാളി മോദി തന്നെ..' മോദിയുടെ യുദ്ധത്തിന്റെ സിനിമയില്‍ നായകനും വില്ലനും മോദി തന്നെയായിരുന്നു. 
സിനിമ തീര്‍ന്നപ്പോള്‍, നായകന്‍ വിജയശ്രീലാളിതനായി.. !