Sunday 22 September 2019




മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങക്ക് ഒന്നും മിണ്ടാതെ മോദി, മറുപടി പറഞ്ഞത് അമിത് ഷാ

By anju.17 May, 2019

imran-azhar

ദില്ലി: മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയമായി പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മടങ്ങി. ചോദിച്ച ചോദ്യങ്ങള്‍ക്കത്രയും ഒപ്പമെത്തിയ അമിത് ഷാ ആയിരുന്നു മറുപടി നല്‍കിയത്.

 


വാര്‍ത്താസമ്മേളനത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച വാക്കുകളില്‍ മാത്രം പ്രധാനമന്ത്രിയുടെ സംവാദം ഒതുങ്ങി. പ്രകൃതി ദുരന്തം വന്നപ്പോഴും തെരഞ്ഞെടുപ്പ് കാലത്തും മാധ്യമപ്രവര്‍ത്തകര്‍ നന്നായി പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമപ്രവര്‍ത്തകരെ പുകഴ്ത്തി പറഞ്ഞു.

 

പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഒരു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നേരത്തെ അമിത് ഷായുടെ വാര്‍ത്താ സമ്മേളനം ബിജെപി ആസ്ഥാനത്ത് ഉണ്ടാകുമെന്നാണ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. ഇന്നും ബിജെപി അധ്യക്ഷന്റെ വാര്‍ത്താ സമ്മേളനം ഓര്‍പ്പെടുത്തുന്ന സന്ദേശമുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാന നിമിഷം തികച്ചും നാടകീയമായാണ് മോദി വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

 

ഇപ്പോഴെങ്കിലും മോദി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത് നന്നായെന്നായിരുന്നു മോദിയെ പരിഹസിച്ച് രാഹുല്‍ പറഞ്ഞത്. ചോദ്യങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി പ്രസിഡന്റുള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി.