Wednesday 15 July 2020
വ്യാപാരവും, പ്രതിരോധവും, അതിര്‍ത്തി പ്രശ്നങ്ങളും ചർച്ചയാകും: പഴുതടച്ച് മഹാബലിപുരം

By online desk.12 Oct, 2019

imran-azhar

 

 

മഹാബലിപുരം : മഹാബലിപുരത്ത് നടക്കുന്ന ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെന്നൈയിലെത്തി. ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്കാണ് ഷി ചിന്‍ പിങ്ങ് എത്തിയത്. 11 മണിയൊടെ നരേന്ദ്ര മോദി എത്തിയിരുന്നു. ഭീകര സംഘടനകള്‍ക്കു ലഭിക്കുന്ന പരിശീലനം സാമ്പത്തിക സഹായം മറ്റു പിന്തുണകള്‍ എന്നിവയാവും കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം.വ്യാപാരം, പ്രതിരോധം, അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിവയും ചര്‍ച്ചയാകും.കഴിഞ്ഞ ഏപ്രിലില്‍ ചൈനയിലെ വുഹാനിലായിരുന്നു ഷിയും മോദിയും നടത്തിയ ആദ്യ അനൗപചാരിക ഉച്ചകോടി.


അതിശക്തമായ സുരക്ഷയാണു മഹാബലിപുരത്ത് ഉച്ചകോടിക്കായി ഒരുക്കിയിട്ടുള്ളത്. ചെന്നൈ നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ ദൂരെയുള്ള മഹാബലിപുരത്ത് അയ്യായിരത്തിലേറെ പൊലീസുകാര്‍ നിതാന്ത ജാഗ്രതയോടെ നിലയുറപ്പിച്ചിണ്ട്. തീരത്തോടു ചേര്‍ന്നു നാവികസേനയും തീരസംരക്ഷണ സേനയും യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കി. യുനെസ്‌കോയുടെ പൈതൃക സ്മാരക പട്ടികയിലുള്ള കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ എണ്ണൂറോളം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു.

 

മഹാബലിപുരത്തേയ്ക്കുള്ള റോഡുകള്‍ക്കിരുവശത്തും ഫ്‌ലെക്‌സുകളില്‍ മോദിയും ഷി ചിന്‍പിങ്ങും ചിരിച്ചു നില്‍ക്കുന്നു. തമിഴ്, ഇംഗ്ലിഷ്, ചൈനീസ് ഭാഷകളില്‍ രണ്ടുപേരെയും സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളുമുണ്ട്. മോദി ഷി കൂടിക്കാഴ്ചയ്ക്കു വേദിയാകുന്ന മഹാബലിപുരത്തിനു ചൈനയുമായി നൂറ്റാണ്ടുകളിലേക്കു നീളുന്ന ബന്ധമാണുള്ളത്. കിഴക്കന്‍ ചൈന നഗരമായ ഫൂജിയനുമായി ഏഴാം നൂറ്റാണ്ടില്‍ വ്യാപാരബന്ധമുണ്ടായിരുന്ന പല്ലവ രാജാക്ക•ാരുടെ രാജധാനിയായിരുന്നു മഹാബലിപുരം. ഷി ചിന്‍പിങ് നേരത്തേ ഫൂജിയന്‍ ഗവര്‍ണറായിരുന്നു. മഹാബലിപുരത്തു നിന്നു കപ്പലേറി പോയ തമിഴ് രാജകുമാരന്‍ ബോധിരാമനാണു സെന്‍ ബുദ്ധിസം ചൈനയില്‍ പ്രചരിപ്പിച്ചത്.


ഏഴാം നൂറ്റാണ്ടില്‍ മഹാബലിപുരം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഹുവാന്‍ സാങ് യാത്രയെക്കുറിച്ചു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതുച്ചേരിയിലെ ആരോവില്ലില്‍ ഏറെക്കാലം താമസിച്ചിട്ടുള്ള ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവ സാഹുയ് ആണു മഹാബലിപുരത്തിന്റെ പേര് ഉച്ചകോടിക്കായി നിര്‍ദേശിച്ചതെന്നാണു സൂചന. കല്ലില്‍ കൊത്തിവച്ച ചരിത്രമെന്ന വിശേഷണമായിരിക്കും മഹാബലിപുരത്തിനു ചേരുക. ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നു കിടക്കുന്നൈപതൃക നഗരമാണിത്.

 

വീഥികള്‍ മിനുക്കിയും ശില്‍പങ്ങളില്‍ ചായമടിച്ചും അലങ്കാര വിളക്കുകള്‍ ജ്വലിച്ചുമാണു നഗരം അണിഞ്ഞൊരുങ്ങിയത്. കൂടുതല്‍ ബുദ്ധപ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചരഥങ്ങള്‍, അര്‍ജുന തപസ്സ് ശില്‍പങ്ങള്‍, തീരക്ഷേത്രം എന്നിവ മോദിയും ഷിയും ഒരുമിച്ചു സന്ദര്‍ശിക്കും. ഇവിടെ ഫോട്ടോ ഷൂട്ടിനായി പൂക്കള്‍ വിരിച്ച പ്രത്യേക ഇരിപ്പിടമൊരുക്കി. ചൈനീസ് പ്രസിഡന്റിനെ വരവേല്‍ക്കാന്‍ കഥകളിയുള്‍പ്പെടെയുള്ള പാരമ്പര്യ കലാരൂപങ്ങള്‍ അണിനിരക്കും. ഉച്ചകോടിക്കു ശേഷം ചൈനീസ് പ്രസിഡന്റ് നേപ്പാളിലേക്കും പോകും.