Saturday 11 July 2020




വിനോദസഞ്ചാരികളുടെ മരണം; ഗ്യാസ് ഹീറ്റർ ലീക്കാവാം മരണകാരണമെന്ന് നിഗമനം

By Sooraj Surendran .21 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: നേപ്പാളിൽ മലയാളികളായ എട്ട് വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോർട്ടം നടക്കുക. പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരെയാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കകത്തെ ഗ്യാസ് ഹീറ്റർ ലീക്കാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. സമുദ്ര നിരപ്പിൽ നിന്ന് 2500 അടിയോളം ഉയരത്തിലാണ് സംഘം താമസിച്ചിരുന്ന ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

 

കനത്ത തണുപ്പിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയാണ് ഇവർ മുറിക്കുള്ളിലെ ഹീറ്റർ ഓൺ ചെയ്തത്. നാല് മുറികളിലായാണ് ഇവർ താമസിച്ചിരുന്നത്. ഒരു മുറിയിൽ രണ്ട് ഭാഗങ്ങളിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രാവിലെ ഇവർ മുറിക്ക് പുറത്തിറങ്ങാത്തതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരാണ് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചത്. ഹോട്ടൽ അധികൃതർ എത്തി മുറി തുറന്നപ്പോഴാണ് മലയാളി സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടി അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഹോട്ടലിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചത്. ഇവര്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണെന്നാണ് വിവരം. കാഠ്മണ്ഡുവിലെ എച്ച്. എ.എം.എസ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.