Sunday 12 July 2020




സങ്കടക്കടലായി ചേങ്കോട്ടുകോണം; പ്രവീണും കുടുംബവും യാത്രയായി

By Sooraj Surendran.24 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിൽ സംസ്കരിച്ചു. ബന്ധുക്കളും, സുഹൃത്തുക്കളും, നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ ചേങ്കോട്ടുകോണത്തെ വസതിയിൽ എത്തിച്ചേർന്നത്. മരിച്ച പ്രവീണിന്റേയും കുടുംബത്തിന്റെയും ചേതനയറ്റ ശരീരം ചേങ്കോട്ടുകോണത്തെ രോഹിണി ഭവനിൽ എത്തിയപ്പോൾ ചുറ്റും കൂടിനിന്നവരുടെ കണ്ണുനീർ അണപൊട്ടിയൊഴുകി. പ്രവീൺ കുമാറിന്റെയും ശരണ്യയുടെയും സംസ്കാര ചടങ്ങുകൾ ചെയ്തത് ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവ് ആണ്. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ ഒരേ കുഴിമാടത്തിലാണ് ചടങ്ങുകളില്ലാതെ സംസ്കരിച്ചത്. മക്കളുടെ കുഴിമാടത്തിന് ഇരുവശത്തുമായാണ് അച്ഛൻ പ്രവീണിന്റേയും, അമ്മ ശരണ്യയുടെയും ചിതയൊരുക്കിയത്. രോഹിണി ഭവനിൽ കൃഷ്ണൻകുട്ടി നായരുടെ ഏക മകനാണ് പ്രവീൺ കുമാർ. മകനും മരുമകളും, പേരക്കുട്ടികളും ഇനിയില്ലെന്ന ദാരുണമായ വാർത്ത അവർക്കിനിയും വിശ്വസിക്കാനായിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്നും മൃതദേഹങ്ങൾ സർക്കാർ പ്രോട്ടോക്കോൾ പ്രകാരമാണ് ചേങ്കോട്ടുകോണത്തെ വസതിയിലെത്തിച്ചത്.

 

വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കലെ രോഹിണിഭവനിലെത്തിച്ചത്. വനം വകുപ്പ് മന്ത്രി കെ.രാജു, മേയർ കെ. ശ്രീകുമാർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം സുധീരൻ, വി.കെ ശിവകുമാർ എം.എൽ.എ, എം. വിജയകുമാർ, ഒ രാജഗോപാൽ എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. തങ്ങളുടെ ഉറ്റവരുടെ മുഖം അവസാനമായി ഒരു നോക്ക് കാണാൻ പ്രവീണിന്റെ ചേങ്കോട്ടുകോണത്തെ കുടുംബവീട്ടിൽ വൻ ജനാവലിയാണ് രാവിലെ ആറ് മണി തടിച്ചുകൂടിയത്. ഡല്‍ഹിയില്‍ നിന്ന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹങ്ങള്‍ പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. മേയർ കെ.ശ്രീകുമാർ, എം.വിൻസന്റ് എംഎൽഎ, കലക്ടർ കെ.ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവരും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്ത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ്, എന്നിവരും തിങ്കളാഴ്ച രാത്രി നേപ്പാളിലെ ഡാമനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലുണ്ടായ ദുരന്തത്തിൽ മരിച്ചിരുന്നു.