Monday 06 April 2020




ചേതനയറ്റ് അവർ, കണ്ണീരോടെ തലസ്ഥാനം (വീഡിയോ)

By Sooraj Surendran.24 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: നേപ്പാളിൽ ടൂറിസ്റ്റ് ഹോമിൽ ശ്വാസംമുട്ടി മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ നായർ, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് 12:45ഓടെ ഡൽഹിയിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. അവിടെ നിന്നും അഞ്ച് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ മൃതദേഹങ്ങൾ വിലാപയാത്രയായി ചെങ്കോട്ടുകോണത്തെ വസതിയിലെത്തിക്കും. തുടർന്ന് 9 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. അന്ത്യോപചാരമ‌ര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും. പ്രവീണിന്റെ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ ശരീരങ്ങള്‍ മൂന്നു പെട്ടികളിലായി ഒരേ കുഴിയിലാണ് അടക്കംചെയ്യുക. ഓമനമക്കള്‍ക്ക് തൊട്ടരികില്‍, ഇരുവശത്തുമായാണ് പ്രവീണിനും ശരണ്യയ്ക്കും ചിതയൊരുക്കിയിരിക്കുന്നത്. പ്രവീണിന്റെ സഹോദരിയുടെ നാലുവയസുകാരനായ മകന്‍ ചിതയ്‌ക്ക് തീകൊളുത്തും.

 


കാഠ്മണ്ഡുവിൽ നിന്നും ഡൽഹിയിലെത്തിച്ച മൃതദേഹങ്ങൾ ഡൽഹിയിൽ നിന്ന് എയർഇന്ത്യ വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, കെ ശ്രീകുമാർ, നോർക്കയിലെ ഉദ്യോഗസ്ഥന്മാരായ ഡോ: വേണുഗോപാൽ, എൻ.വി മത്തായി ശരണ്യയുടെ സഹോദരൻ ആർ. രാജേഷ് തുടങ്ങിയവരും വിമാനത്താവളത്തിലെത്തി. നേപ്പാളിൽ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചിലവ് നോർക്കയാണ് വഹിച്ചത്. കോഴിക്കോട് സ്വദേശികളുടെ മൃതദേഹങ്ങൾ ഉച്ചയ്ക്ക് കാഠ്മണ്ഡുവിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെത്തിച്ചു സൂക്ഷിക്കും. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്കുള്ള വിമാനത്തിൽ കോഴിക്കോട്ടേക്കു കൊണ്ടു പോകാനാണ് തീരുമാനം.