By Sooraj Surendran .02 Dec, 2019
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തി തുടങ്ങി. 500 രൂപയാണ് പിഴയായി ഈടാക്കുന്നത്. സംസ്ഥാനത്ത് ഇന്ന് മാത്രം ഹെൽമറ്റില്ലാതെ പിൻസീറ്റിൽ യാത്ര ചെയ്തത് 91 പേരാണ്. സീറ്റ് ബൽറ്റില്ലാതെ യാത്ര ചെയ്ത 77 പേർക്കും പിഴ ചുമത്തി.തുടർന്നും നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പ് കടക്കും. എൻഫോഴ്സ്മെന്റ് സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
ഈ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് 'നാം രണ്ട് നമുക്ക് രണ്ട്' എന്ന പദ്ധതി ആരംഭിച്ചു. ഇരുചക്രവാഹനങ്ങളിൽ ഹെല്‍മെറ്റ് ധരിച്ചു കൊണ്ട് യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ അയച്ചു കൊടുത്താൽ ചിത്രം കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. kpsmc.pol@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. ലഭിക്കുന്നവയില്‍ മികച്ചവ പ്രസിദ്ധീകരിക്കും.