Tuesday 20 November 2018


പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സഹോദരി: സനലിന്റെ വായില്‍ മദ്യം ഒഴിച്ചുകൊടുത്തു

By Online Desk.08 Nov, 2018

imran-azhar

 

 

തിരുവനന്തപുരം: ഗുരുതര പരിക്കേറ്റ് റോഡില്‍ കിടന്ന സനലിനെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകും വഴി മദ്യം വായില്‍ ഒഴിച്ചുകൊടുത്തുവെന്ന് സഹോദരിയുടെ മൊഴി. കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് മനഃപൂര്‍വ്വം ശ്രമിച്ചെന്നും അവര്‍ ആരോപിക്കുന്നു. ഒരു തുള്ളി മദ്യം കഴിക്കാത്ത എന്റെ അനിയന്റെ വായില്‍ മദ്യമൊഴിച്ചത് കേസ് വഴി തിരിച്ച് വിടാനാണ്. രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നറിഞ്ഞു. ഇത് അതില്‍ മാത്രമൊതുങ്ങുന്നതല്ല, വേറെയും ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. എന്റെ അനിയനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്റ്റേഷനിലേക്കാണ് പൊലീസ് കൊണ്ടുപോയത്. ഡ്യൂട്ടി ചേഞ്ചിന് വേണ്ടിയാണെന്നാണ് പൊലീസുകാര്‍ പറയുന്നത്. അത് ഒരിക്കലും ശരിയല്ല, മനുഷ്യത്വപരമായ നടപടിയല്ല. ഒരു മിനിറ്റെങ്കില്‍ ഒരു മിനിറ്റ് മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിയ്ക്കാനായേനെ.

 

നമ്മള് ആംബുലന്‍സില്‍ അലാം വെച്ചൊക്കെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതെന്തിനാ? എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനാ. ഇവര് കാണിച്ചത് അനീതിയാണ്, എന്റെ അനിയനോട് കാണിച്ചത് ക്രൂരതയാ. ഇത് രണ്ട് പേരുടെ സസ്‌പെന്‍ഷനിലൊതുക്കിയാല്‍ പോര. എസ്‌ഐയും മുകളിലേയ്ക്കുമുള്ള ഉദ്യോഗസ്ഥരുണ്ട്, അവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും സഹോദരി പറയുന്നു.