Friday 10 April 2020




നിർഭയ കേസ്: വധശിക്ഷ സ്റ്റേ ചെയ്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഞായറാഴ്ച വാദം കേള്‍ക്കും

By Sooraj Surendran .01 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ വിധി സ്റ്റേ ചെയ്ത കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഞായറാഴ്ച വാദം കേൾക്കും. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ വിധി സ്റ്റേ ചെയ്തത്. വധശിക്ഷ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും, പ്രതികൾ രാജ്യത്തിൻറെ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. കേസിലെ പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജി നിലനിന്ന സാഹചര്യത്തിലാണ് കോടതി മരണ വാറണ്ട് സ്റ്റേ ചെയ്തത്. ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് നിർണായക വിധിയുണ്ടായത്. ഞായറാഴ്ച വാദം കേള്‍ക്കുന്നതിന് മുന്നോടിയായി കേസിലെ നാല് പ്രതികള്‍ക്കും ജയില്‍ ഡിജിക്കും തിഹാര്‍ ജയില്‍ അധികൃതര്‍ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. അതേസമയം കേസിലെ പ്രതിയായ അക്ഷയ് ഠാക്കൂറും ശനിയാഴ്ച രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകി.