Friday 10 April 2020




നിർഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു, വി​ന​യ് ശ​ർ​മ​യു​ടെ ഹ​ർ​ജി തള്ളി

By Sooraj Surendran.14 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ട ബലാത്സംഗ കേസിൽ പ്രതി വിനയ് ശർമ്മ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ദയാഹർജി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. പ്രതിയുടെ ഹർജി അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാരും കോടതിയിൽ നിലപാടെടുത്തു.

 

അതേസമയം നിർഭയ കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കോടതിമുറിയില്‍ കുഴഞ്ഞുവീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:25ഓടെയാണ് സംഭവം. സംഭവത്തെ തുടർന്ന് നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഘട്ടങ്ങളായി നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഹർജി ഇരുപതാം തീയതിയിലേക്ക് മാറ്റിവെച്ചു.

 

ഹർജി മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് വായിക്കുന്നതിനിടയിലാണ് ജസ്റ്റിസ് ഭാനുമതി കസേരയിൽ നിന്നും കുഴഞ്ഞുവീണത്. ജസ്റ്റിസ് ഭാനുമതിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്നും പനിയായിരുന്നതിനാൽ മരുന്ന് കഴിച്ചിരുന്നു ഇതിനെ തുടർന്നുണ്ടായ ക്ഷീണം കാരണമാണ് കുഴഞ്ഞുവീണതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത അറിയിച്ചു.