Friday 10 April 2020




നിര്‍ഭയ കേസ്; ഡൽഹി ഹൈക്കോടതിയുടെ നിർണായക വിധി ബുധനാഴ്ച പ്രഖ്യാപിക്കും

By Sooraj Surendran .04 Feb, 2020

imran-azhar

 

 

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് വിധി പറയും. ശിക്ഷയില്‍ ഇളവ് നേടാന്‍ പ്രതികള്‍ക്ക് മുമ്പിലുള്ള നിയമപരമായ എല്ലാ അവകാശങ്ങളും വിനിയോഗിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യം അംഗീകരിച്ചാണ് വെള്ളിയാഴ്ച പാട്യാല കോടതി പ്രതികളുടെ മരണ വാറന്റ് സ്റ്റേ ചെയ്തത്. ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഇതിനെ തുടര്‍ന്ന് തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പുകള്‍ തിഹാര്‍ ജയിലില്‍ ആരംഭിച്ചിരുന്നു. കേസിലെ നാല് പ്രതികളില്‍ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവര്‍ എല്ലാ നിയമവഴികളുടെയും സാദ്ധ്യത തേടിയിരുന്നെങ്കിലും വധശിക്ഷയ്ക്ക് ഇളവ് ലഭിച്ചിട്ടില്ല. ശിക്ഷ വൈകിപ്പിക്കാനാണ് പ്രതികള്‍ ഓരോരുത്തര്‍ വീതം പുതിയ ഹര്‍ജികളുമായി രംഗത്ത് വരുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

 

ദില്ലി പാട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാന്‍. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ദയാഹര്‍ജി തള്ളിയ പ്രതികളെ തൂക്കിലേറ്റണം എന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2012 ഡിസംബര്‍ 12നാണ് 23 വയസുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ക്രൂര പീഡനത്തിന് ഇരയാകുന്നത്. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടി ഡിസംബര്‍ 29നാണ് മരണത്തിന് കീഴടങ്ങിയത്.