Wednesday 07 December 2022




ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യത്തിന് നീക്കം; നിതീഷും ലാലു പ്രസാദ് യാദവും നാളെ സോണിയയെ കാണും

By priya.24 Sep, 2022

imran-azhar

 

ഡല്‍ഹി: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ ഐക്യത്തിന് നീക്കം. ബിഹാറിലെ മഹാസഖ്യ നേതാക്കളായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നാളെ സോണിയ ഗാന്ധിയെ കാണും.

 

തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രദേശികമായി പ്രതിപക്ഷ കക്ഷികള്‍ ശക്തിപ്പെടുക എന്നതാണ് ഇവരുടെ ലക്ഷ്യം. ബിഹാറില്‍ നേരത്തെ എന്‍ഡിഎയിലായിരുന്ന നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം വിട്ട് ഇപ്പോള്‍ ആര്‍ജെഡിയോടൊപ്പം മഹാസഖ്യത്തിലാണ്.

 

നിതീഷ് കുമാര്‍ കേന്ദ്രസര്‍ക്കാറിനെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ലാലു പ്രസാദിനേയും കൂട്ടി സോണിയാ ഗാന്ധിയെയും കാണുന്നത്.

 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, സിപിഎം, സിപിഐ, ആം ആദ്മി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ മറ്റ് നേതാക്കളെയും നിതീഷ് കുമാര്‍ കണ്ടിരുന്നു.

 

എഎപി നേതാവ് കെജ്രിവാള്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ഇടതു പാര്‍ട്ടി നേതാക്കളായ ഡി രാജ, സീതാറാം യെച്ചൂരി എന്നിവരുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലും നിതീഷ് കുമാര്‍ സന്ദര്‍ശനം നടത്തി. ഓം പ്രകാശ് ചൗട്ടാല, ഹരിയാനയില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡ, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പവാര്‍ എന്നിവരുമായും നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.

 

നേരത്തെ പ്രതിപക്ഷ ഐക്യത്തിനായുള്ള ഡല്‍ഹി ദൗത്യത്തിനു മുന്‍പായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും ചര്‍ച്ചയില്‍ പങ്കെടുത്തു.