Friday 24 May 2019


പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

By anju.16 May, 2019

imran-azhar

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് രാത്രിയോടെ അവസാനിക്കും. സംസ്ഥാനത്ത് നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി.

 

കമ്മിഷന്‍ ബി.ജെ.പിക്ക് വേണ്ടി സംസ്ഥാനത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം ഒരുക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.

 

മെയ് 19ന് വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച വരെയാണ് പരസ്യപ്രചാരണത്തിനുള്ള സമയമെങ്കിലും വ്യാപക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബംഗാളിലെ 9 മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് രാത്രിയോടെ അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. ഇന്ന് രാത്രി 10 മണിക്ക് ശേഷം ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും പാടില്ലെന്നാണ് കമ്മിഷന്‍ ഉത്തരവ്.


കമ്മിഷന്‍ നടപടി നിയമവിരുദ്ധവും അധാര്‍മ്മികവുമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഒരു തരത്തിലുള്ള ക്രമസമാധാന പ്രശ്‌നവും ഇല്ല. അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയാണ് ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മിഷനും. കമ്മിഷനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസുകാരാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ അട്ടിമറിക്കുകയാണ് ബി.ജെ.പിയെന്നും മമത ആരോപിച്ചു.

 

കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ റോഡ് ഷോക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ രണ്ടിടങ്ങളില്‍ റാലിക്കെത്തുന്നുണ്ട്.