Friday 05 June 2020




സാലറി ചലഞ്ച്: സ്റ്റാഫ് നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തരുതെന്ന് നഴ്സസ് യൂണിയൻ

By Sooraj Surendran .31 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സാലറി ചലഞ്ചിൽ നിന്നും സ്റ്റാഫ് നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തരുതെന്ന് ആവശ്യവുമായി നഴ്സസ് യൂണിയൻ സംസ്ഥാന കമ്മറ്റി രംഗത്ത്. ലോക്ക് ഡൗൺപ്രഖ്യാപിച്ചതു മുതൽ മതിയായ വിശ്രമമില്ലാതെ, വിശ്രമമില്ലാതെ നഴ്സുമാർ കർമ്മനിരതരാണ്.

 

ആവശ്യ സാധനങ്ങൾക്കും മറ്റും ബുദ്ധിമുട്ടു നേരിടുന്ന ഈ കാലത്ത് സ്വന്തം പണം മുടക്കിയാണ് പലരും മുടങ്ങാതെ ജോലിക്കെത്തുന്നത്. മാത്രമല്ല ജോലിക്കിടയിൽ കൊറോണ ബാധിയ്ക്കപ്പെട്ട നഴ്സുമാർ ഉണ്ട്.പലരും രോഗഭീക്ഷണിയിലുമാണ്. ആശുപത്രിയിൽ പണിയെടുക്കുന്ന ഒറ്റക്കാരണത്താൽ വാടക വീടുകളിൽ നിന്നും ഇറക്കി വിടപ്പെടുകയോ അയൽക്കാരിൽ നിന്നും ഒറ്റപ്പെടുകയോ ആണ് പല നഴ്സുമാരും അവരുടെ കുടുംബങ്ങളും.

 

പല സംസ്ഥാന സർക്കാരുകളും ഡോക്ടർമാർക്കും നഴ്സുമാർക്കും എക്സ്ട്രാ സാലറി കൊടുക്കുമ്പോൾ ആണ് കേരളത്തിൽ സാലറി ചലഞ്ചിന്റെ പേരിൽ നഴ്സുമാരുടെയും മറ്റും ശംബളം പിടിച്ചെടുക്കന്നതിനുള്ള നീക്കം നടക്കുന്നതെന്ന് കെ.ജി.എൻ.യു നേതാക്കളായ ശ്രീമതി. കെ. ഡി. മേരി, ശ്രീ.സന്തോഷ്.കെ.എസ് എന്നിവർ ആരോപിച്ചു. നഴ്സുമാർക്ക് സർക്കാർ ഇപ്പോൾ റിസ്ക് അലവൻസുപോലും നൽകുന്നില്ല. കൊറോണയിൽ നിന്നും രക്ഷപെടുന്നതിനുള്ള മാസ്ക്കുകൾക്കും മറ്റും ദൗർലഭ്യം ഏർപ്പെടുകയും ചെയ്യുന്നു.എന്നിട്ടും പരാതികൾ ഇല്ലാതെ ഞങ്ങൾ ഈ വിപത്തിനെ നേരിടുന്ന ജോലിയിലാണ് നഴ്സസ് യൂണിയൻ പറഞ്ഞു.