Friday 14 August 2020




കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി കൈകോർത്തു കേരളം

By Sooraj Surendran.22 Jun, 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളം ഈ അധ്യയനവർഷം ഓൺലൈൻ പഠനരീതിയിൽ ആരംഭിച്ചപ്പോൾ നിരവധി കുടുംബങ്ങളിൽ കുടുംബങ്ങളിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്നതു ഒരു പ്രതിസന്ധി ആയിരുന്നു. തുടർന്ന് പല വ്യക്‌തികളും, സ്ഥാപനങ്ങളും, സംഘടനകളും ഒത്തൊരുമയോടെ കേരളത്തിൽ ഒരു ലക്ഷത്തോളം കുടുംബങ്ങളിൽ ഓൺലൈൻ പഠനോപകരണങ്ങൾ എത്തിച്ചു. ഓൺലൈൻ പഠന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന കുറച്ചു വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാൻ കഴിഞ്ഞതിന്റെ ചാരുതാർഥ്യത്തിലാണ് തിരുവനന്തപുരത്തെ പെരിങ്ങമ്മല സ്വദേശിയായ പ്രവാസി മലയാളി നിഷാന്ത് വിൻസെന്റ്. സംഭവത്തെ കുറിച്ച് നിഷാന്ത് പറയുന്നതിങ്ങനെ: തിരുവനന്തപുരത്തെ തന്റെ മാതാപിതാക്കളിൽ നിന്നുമാണ് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന മിടുക്കിയായ ഒരു കോളേജ് വിദ്യാർത്ഥിനിയെ കുറിച്ചറിയുന്നത്. ആ വിദ്യാർത്ഥിനിക്കായി ആമസോണിൽ ഒരു സ്മാർട്ട് ഫോൺ ഓർഡർ ചെയ്തു. ഉൽപ്പന്നത്തിന്റെ ഷിപ്പിംഗ് ലേബൽ കീറിപ്പോയതിനാൽ ഈ ഓർഡർ ആമസോൺ റദ്ദാക്കി. തുടർന്ന് ആമസോൺ ഉപഭോക്തൃ സേവന പ്രതിനിധിയെ സമീപിക്കുകയും സ്മാർട്ട്‌ഫോണിന്റെ ഓർഡർ പുനഃക്രമീകരണത്തിനായി മുൻ‌ഗണന അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന് സഹായിക്കാനായില്ല.

 

തുടർന്ന് ആമസോൺ സിഇഒ ജെഫ് ബെസോസിനെ തന്റെ ആവശ്യം ചൂണ്ടിക്കാട്ടി ഒരു ഇമെയിൽ സന്ദേശം അയച്ചു. ആമസോൺ എക്സിക്യൂട്ടീവ് റിലേഷൻഷിപ്പ് ടീം പെട്ടന്ന് തന്നെ തിരിച്ചു ബന്ധപ്പെടുകയും സ്മാർട്ഫോൺ എത്തിക്കുകയും ചെയ്‌തു. ജൂൺ 20 ശനിയാഴ്ചയാണ് വിദ്യാർത്ഥിനിക്ക് ഈ ഫോൺ കൈമാറിയത്. ടെലിവിഷനും, സ്മാർട്ട് ഫോണുകളുമില്ലാതെ ബുദ്ധിമുട്ടുന്ന പത്തോളം വിദ്യാർത്ഥികൾക്കാണ് നിഷാന്തും സുഹൃത്തുക്കളും സഹായം എത്തിച്ചതു. കണ്ണൂരിലെ ചെറുപുഴയിലെ നാല് കുടുംബങ്ങൾക്കും, വയനാട്ടിൽ മൂന്നും, തിരുവനന്തപുരത്തെ പൂവാറിൽ ഒരു കുടുംബത്തിനുമാണ് ഇദ്ദേഹവും സുഹൃത്തുക്കളും ഓൺലൈൻ പഠനോപകരണങ്ങൾ നൽകിയത്. വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ തന്റെ സഹപാഠികളായിരുന്ന ബിന്നി, ലിയോ, ശ്യാം, അരുൺ, പ്രശാന്ത് എന്നിവരുടെയും, സുഹൃത്തുക്കളായ ശരത്, പ്രവീൺ, ബിജു എന്നിവരുടെയും അകമഴിഞ്ഞ സഹായം ഈ ഉദ്യമത്തിന് ലഭിച്ചതായി നിഷാന്ത് പറയുന്നു.