Wednesday 12 December 2018


പാര്‍ട്ടി സമ്മേളനത്തില്‍ വിവാദങ്ങളില്‍ തൊടാതെ ജയരാജന്റെ മാരത്തണ്‍ പ്രസംഗം

By Anju N P.14 Nov, 2017

imran-azhar

 


കണ്ണൂര്‍:  പാര്‍ട്ടി സമ്മേളനത്തില്‍ വിവാദങ്ങള്‍ക്ക് പിടികൊടുക്കാതെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഒന്നര മണിക്കൂര്‍ പ്രസംഗം. കണ്ണൂരില്‍ ഇന്ന് ആരംഭിക്കുന്ന സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു ജയരാജന്റെ മാരത്തണ്‍ പ്രസംഗം. കൃത്യം ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പ്രസംഗം പാര്‍ട്ടി സമ്മേളന പ്രസംഗം പതിവു ശൈലിയിലെങ്കിലും പാര്‍ട്ടിയിലെ പുതിയ വിവാദങ്ങളുമായി ബന്ധപ്പെടുത്തി ഒന്നും തന്നെ സംസാരിച്ചില്ലെന്ന് സാരം. ഏതെങ്കിലും നേതാവിന്റെ ശക്തി കൊണ്ടല്ല പാര്‍ട്ടി വളര്‍ന്നത്, അണികളാണു പാര്‍ട്ടിയുടെ ശക്തി, ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണു പരമാധികാരം എന്ന് മാത്രമാണ് ജയരാജന്‍ ഓര്‍മിപ്പിച്ചത്.

 

വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പി. ജയരാജനെതിരെയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളന വേദിയില്‍ അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസംഗം എന്താവുമെന്നു പലര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ വിമര്‍ശനം ശരിവച്ചു ജയരാജന്‍ തിങ്കളാഴ്ച കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിച്ചെങ്കിലും ഇന്നത്തെ പ്രസംഗത്തില്‍ ആ വിഷയം വന്നില്ല. മാത്രമല്ല പതിവില്‍ കവിഞ്ഞ ആവേശപ്രകടനങ്ങളോ ആരവങ്ങളോ കയ്യടികളോ ഇന്ന് അണികളില്‍ നിന്നുണ്ടായില്ലെന്നതും ശ്രദ്ധേയമായി.

 

സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്കെതിരെ നടക്കുന്ന സമരങ്ങളെ ജയരാജന്‍ പ്രസംഗത്തില്‍ നിശിതമായി വിമര്‍ശിച്ചു. അപ്രായോഗികമായ മുദ്രാവാക്യങ്ങളുമായി മതതീവ്രവാദ സംഘടനകള്‍ വികസന പദ്ധതികള്‍ക്കെതിരെ സമരം നടത്തുകയാണെന്നാണ് ജയരാജന്‍ ആരോപിച്ചത്.കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിലും തീവ്രവാദികളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.