Wednesday 07 December 2022




പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പാക്ക് ഭീകര സാന്നിധ്യം; അന്വേഷണത്തിന് മിലിട്ടറി ഇന്റലിജന്‍സ്

By Web Desk.08 Sep, 2022

imran-azhar

 

ജിഷ ബാബു

 

കൊച്ചി: പാക്കിസ്ഥാന്‍ ബന്ധമുള്ള ഉത്തരേന്ത്യക്കാരെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു തൊട്ടടുത്തു നിന്നും പിടികൂടിയ സംഭവത്തില്‍ മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലുള്ള ബംഗാളികളെ ചോദ്യം ചെയ്യാന്‍ കേന്ദ്ര രഹസ്യാനേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോയും എത്തിയിട്ടുണ്ട്.

 

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയോട് ചേര്‍ന്നുള്ള റോയല്‍ ഹെയര്‍ ക്രാഫ്റ്റ് എന്ന സലൂണില്‍ നിന്ന് കഴിഞ്ഞ മൂന്നാം തീയതിയാണ് വടക്കേ ഇന്ത്യക്കാരായ രണ്ടു യുവാക്കളെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സലൂണില്‍ ചെറു മകന്റെ മുടി വെട്ടിക്കാനെത്തിയ ശ്രീകുമാര്‍ എന്നയാളിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

 

ശ്രീകുമാറിന്റെ പക്കല്‍ ഉണ്ടായിരുന്ന സാധാരണ മൊബൈല്‍ ഫോണ്‍ സലൂണിലെ ജീവനക്കാരനായ യുവാവ് അല്പനേരത്തേക്ക് വാങ്ങി. പിന്നീട് അതിലേക്ക് വന്ന ഒ.ടി.പി.യും ചോദിച്ചു വാങ്ങി. പിന്നിട്ടാണ് തന്റെ നമ്പര്‍ ഉപയോഗിച്ച് വാട്‌സ്പ്പ് അക്കൗണ്ട് തുടങ്ങിയെന്ന മെസേജ് ശ്രീകുമാറിന്റെ ശ്രദ്ധയില്‍ പെട്ടത്.

 

സലൂണിലെ ഹിന്ദിക്കാരന്റെ സ്മാര്‍ട്ട് ഫോണിലായിരുന്നു ശ്രീകുമാറിന്റെ നമ്പര്‍ ഉപയോഗിച്ചുള്ള വാട്‌സപ്പ്. അത് പരിശോധിച്ചപ്പോഴാണ് പാക്കിസ്ഥാന്‍ സൈന്യവുമായി ബന്ധപ്പെട്ട നിരവധി മെസേജുകള്‍ കണ്ടത്. പാക്ക് സൈന്യത്തിന് പിന്തുണ നല്‍കണമെന്ന് ഉറുദുവില്‍ ആവശ്യപ്പടുന്ന മെസേജും ചിത്രങ്ങളും അതിലുണ്ടായിരുന്നു. ശ്രീകുമാര്‍ ബഹളം വെച്ചതോടെ അയാള്‍ വാട്‌സപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് ശ്രീകുമാര്‍ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.

 

കസ്റ്റഡിയിലുള്ള യുവാക്കളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഫോര്‍ട്ട് പൊലീസ് തയ്യാറായിട്ടില്ല. രാജ്യത്തു തന്നെ ഏറ്റവും വലിയ സുരക്ഷയുള്ള ശ്രീ പത്മനാഭ ക്ഷേത്രത്തിനു തൊട്ടരികില്‍ നിന്നും പാക്കിസ്ഥാന്‍ ബന്ധമുള്ള യുവാക്കളെ പിടികൂടിയിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.