By സൂരജ് സുരേന്ദ്രൻ .09 Jan, 2021
ഇസ്ലാമബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയുടെ കർശന നിർദേശം. തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് മസൂദ് അസറിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി പാക് പോലീസിനോട് നിർദേശിച്ചത്.
ഐക്യരാഷ്ട്ര സഭ മസൂദ് അസറിനെ നേരത്തെ ആഗോളഭീകരനായി പ്രഖ്യാപിച്ചിരുന്നു. അതേസമയം മസൂദ് പാകിസ്ഥാനിൽ തന്നെ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
2019 ലെ ഫുൽവാമ ആക്രമണത്തിന്റെയും പിന്നിൽ ജെയ്ഷെ മുഹമ്മദാണ്. തുടർന്ന് മസൂദ് പാകിസ്താനിൽ തന്നെയുണ്ടെന്നും വൃക്കകൾ തകരാറിലായി ആരോഗ്യപരമായി അയാൾ തീരെ അവശനാണെന്നും നിത്യവും ഡയാലസിസ് ചെയ്തു പാകിസ്താന്റെ സൈനിക ആശുപത്രിയിൽ ചികിൽസയിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
പാകിസ്താനിലെ പഞ്ചാബിലുള്ള ഭീകര വിരുദ്ധ കോടതി വ്യാഴാഴ്ച മസൂദ് അസറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്.