Monday 06 December 2021




'ഒതുങ്ങിയ പ്രകൃതക്കാരൻ, നല്ല പെരുമാറ്റം': അഭിഷേക് ബൈജു എങ്ങനെ കൊലയാളിയായി?

By സൂരജ് സുരേന്ദ്രന്‍.01 Oct, 2021

imran-azhar

 

 

പാലാ: ചോര ചീന്തുന്ന പ്രണയ ദാഹം. പ്രണയത്തകര്‍ച്ചയും വിവാഹേതര ബന്ധങ്ങളും അവസാനം ചെന്നെത്തുന്നത് മനസ്സുറഞ്ഞ് പോകുന്ന, നെഞ്ച് നീറുന്ന കൊലപാതകങ്ങളിൽ. പ്രണയപ്പകയുടെ ഒടുവിലത്തെ ഇര പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനി നിഥിനമോൾ.

 

ഒരു കുടുംബത്തിന്റെ അവസാനത്തെ അത്താണിയായിരുന്നു സഹപാഠിയുടെ കൊലക്കത്തിക്ക് ഇരയായ നിഥിനമോൾ. കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷയ്ക്കായി കോളേജിലേക്ക് പോയ മകളെ കാത്തിരുന്ന അമ്മ അറിയുന്നത് നൊന്ത് പ്രസവിച്ച മകളുടെ മരണ വാർത്ത.

 

അഭിഷേക് ബൈജു അതിക്രൂരമായ കൊലപാതകം ചെയ്തുവെന്ന് വിശ്വസിക്കാനാകാതെ കൂത്താട്ടുകുളം കോഴിപ്പിള്ളിയിലെ നാട്ടുകാർ. നാട്ടുകാരുടെ അറിവിൽ ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നു അഭിഷേക്. എല്ലാവരോടും നല്ല പെരുമാറ്റമാണെന്നും അഭിഷേകിനെക്കുറിച്ച് പരാതിയൊന്നും കേട്ടിട്ടില്ലെന്നും വാർഡ് മെമ്പർ സിജി പറഞ്ഞു.

 

കൊലപാതകത്തിനു തൊട്ടുമുൻപു വരെ അഭിഷേകും നിഥിനയും നല്ല സൗഹൃദത്തിലായിരുന്നു, പരീക്ഷയെഴുതി പുറത്തുവന്നപ്പോഴാണ് സംഭവം അറിഞ്ഞത്. വിശ്വസിക്കാനായില്ല.

 

അഭിഷേകിന്റെ സഹപാഠികൾ പറയുന്നു. പ്രണയനൈരാശ്യത്തിന്റെ പേരിൽ ഇരകളാക്കപ്പെടുന്നത് എപ്പോഴും പെണ്‍കുട്ടികളാണ്. എപ്പോഴാണ് ആണ്‍കുട്ടികള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്? പരീക്ഷകയ്ക്ക് കയറുന്നതിന് തൊട്ടുമുമ്പും സുഹൃത്തുക്കൾ അഭിഷേകിനോട് സംസാരിച്ചിരുന്നു. അപ്പോഴും ആർക്കും സ്വഭാവത്തിൽ സംശയമൊന്നും തോന്നിയിരുന്നില്ല.

 

ഇവർ തമ്മിൽ നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും, കൊലപാതകത്തിലേക്ക് നയിക്കാനുള്ള പ്രശ്നങ്ങൾ ഇവർക്കിടയിലുണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. നിഥിനയുടെ അമ്മ ബിന്ദുവിന്റെ സ്വന്തം വീട് ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറെക്കരയിലാണ്.

 

നിഥിന മോളുടെ സംസ്‌കാര ചടങ്ങുകൾ ഇവിടെ നടത്തുന്നതിനാണ് ബന്ധുക്കളുടെ തീരുമനം. പാലയിലെ ആശുപത്രിയിൽ നിന്നും ബന്ധുക്കൾ ബിന്ദുവിനെ പിടിഞ്ഞാറെക്കരയിലെ വീട്ടിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്.