Monday 25 October 2021
ഓര്‍മയിലേക്ക് മായുന്ന പള്ളിക്കൂടം

By anju.26 May, 2019

imran-azhar

 

കേരളത്തിന്റെ വിദ്യാഭ്യാസചരിത്രമെടുത്താര്‍ രസകരമാണ്. വിശദമായ ഒരു പഠനമല്ല ഇവിടെ ലക്ഷ്യമിടുന്നത്. മറിച്ച് പുതുതായി അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകള്‍ക്കും ഗുരുനാഥനും വിദ്യാലയത്തിനും ജീവിതത്തില്‍ ഉളള പ്രാധാന്യമെന്തന്ന് ഇനിയും മനസ്സിലാക്കാത്ത കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും അപൂര്‍വ്വം ഗുരുനാഥര്‍ക്കും വേണ്ടിയൊരു രസകരമായ കുറിപ്പാണ്.

 

സ്‌ക്കൂള്‍ തുറക്കുമ്പോള്‍ ആഘോഷമായി നടക്കുന്ന പ്രവേശനോത്സവങ്ങളെക്കുറിച്ചാണ് ഇന്നത്തെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ വേളയില്‍ ചിന്തിക്കുക. മറിച്ച് ഉന്നതകുലജാതര്‍ക്ക് മാത്രം വേദാശാസ്ത്രങ്ങളിലും ശസ്ത്രങ്ങളിലും (ആയുധം) ഗുരുവിനെ ലഭ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അറിവിന് വേണ്ടി കാതോര്‍ത്ത അധഃകൃതന്‍ എന്ന് അന്നത്തെ സമൂഹം വിളിച്ചിരുന്നവന്റെ ചെവിയിലേക്ക് ഈയച്ചൂടു പരന്നൈാഴുകിയിരുന്നെന്ന് വാമൊഴികള്‍ പരന്ന ഒരു ദുരിതകാലം. ബ്രാഹ്മണന്‍ ഓതിക്കനില്‍ നിന്ന് വേദശാസ്ത്രങ്ങളഭ്യസിക്കുമ്പോള്‍ ക്ഷത്രിയന്‍ കൊട്ടാരത്തില്‍ പ്രത്യേക ഗുരുനാഥനില്‍ നിന്ന് സകലവിദ്യയിലും പ്രവീണനാകുന്നു. അപ്പോഴും ഇരു സമുദായങ്ങളും സ്ത്രീകളെ അറിവില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്തു.

 

എന്തിനും ഒരവസാനമുണ്ടെന്ന കാലത്തിന്റെ സാക്ഷ്യത്തിനൊടുവിലാണ് എഴുത്താശ്ശാന്മാരുണ്ടായത്. എഴുത്തും വായനും പഠിപ്പിച്ചിരുന്ന ആശാന്‍~എഴുത്താശ്ശാന്‍. പിന്നീട് അതൊരു ജാതിയായി മാറുകപോലുമുണ്ടായി. ആദ്യത്തെ എഴുത്താശ്ശാന്റെ ജാതിയേതെന്ന് ആര്‍ക്കുമറിയില്ല. അറിവിന് ജാതിഭേദമില്ലെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടായത് വളരെ വൈകിയാണ്. ആശാന്റെ ഭവനത്തില്‍ പോയി പ്രത്യേകം തയ്യാറാക്കിയ എഴുത്തുപുരയില്‍ നിലത്തുവിരിച്ചിട്ട പഞ്ചാരമണലില്‍ വിരല്‍കൊണ്ടെഴുതിയാണ് അന്നത്തെ തലമുറ അറിവിന്റെ ലോകത്തെ പരിചയിച്ചത്. പിന്നീട് താളിയോലയും നാരായവും വന്നു. നങ്ങേലിയുടെ ഉണ്ണി പാഠശാലയിലേക്ക് പോകുന്ന കാഴ്ച മലയാളിയുടെ മനക്കണ്ണില്‍ എന്നും മിഴിവാര്‍ന്നു നില്‍ക്കുന്നതാണ്.

 

മതപ്രചാരകരായി എത്തിയ ക്രിസ്ത്യന്‍ മിഷനറിമാരാണ് ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ടത്. ഇംഗ്‌ളീഷ് വിദ്യാഭ്യാസത്തിനൊപ്പമാണ് പുതിയ പഠനസാമഗ്രികളും സ്‌ക്കൂളുമെല്ലാം കേരളത്തിലെത്തിയത്. ജാതിവ്യത്യാസമില്ലാതെ ഇരുന്നു പഠിക്കാവുന്ന പാഠശാലകള്‍, സ്‌ളേറ്റ്, പെന്‍സില്‍, പുസ്തകം പിന്നെ വളര്‍ന്നുവളര്‍ന്ന് നോട്ടുപുസ്തകങ്ങള്‍, മഷിപ്പേന, തുടങ്ങി സിഡിയിലും സ്മാര്‍ട്ട് ക്‌ളാസിലുമെത്തി നില്‍ക്കുന്നു നമ്മുടെ വിദ്യാലോകം.


മക്കളുടെ സ്‌ക്കൂള്‍ പ്രവേശനം പോലും ഇന്ന് രക്ഷിതാക്കള്‍ക്ക് സ്റ്റാറ്റസ് ചിഹ്നമാണ്. മുന്തിയതെന്ന് പറയപ്പെടുന്ന സ്‌ക്കൂളില്‍ (ഇംഗ്‌ളീഷ് മീഡിയത്തില്‍ മാത്രം), വലിയതുക തലവരി കൊടുത്ത് പ്രീസ്‌ക്കൂളില്‍ കുട്ടിയെ ചേര്‍ക്കുന്ന രക്ഷിതാക്കളുടെ കാലത്താണ് നാം ജീവിക്കുന്നത്.


പക്ഷേ, കുരുന്നുകളേ ചുമലില്‍ ഏറ്റിയ ഭാണ്ഡക്കെട്ടുകളില്‍ മാത്രമല്ല ലോകം നിങ്ങള്‍ക്കായി അറിവുകാത്തുവച്ചിരിക്കുന്നത്. ചുറ്റുപാടിലെ പച്ചപ്പില്‍, വഴിയരികിലെ ചെറുഭംഗികളില്‍, പ ൂന്പാറ്റകളില്‍, തുന്പികളില്‍, ചെറുകിളികളില്‍, മഴത്തുളളിത്തണുപ്പില്‍ ഒക്കെ പ്രകൃതി അറിവ് ഒളിച്ചുവച്ചിരിക്കുന്നു. ചുറ്റുപാടുകളെ അറിഞ്ഞ് ജീവിക്കാന്‍ പ്രതികരിക്കാന്‍ പ്രസിസന്ധികളെ തരണം ചെയ്യാന്‍ ഒക്കെ അവ നിങ്ങളെ സഹായിക്കും. ഐപാഡില്‍ വീണു പൊട്ടിപ്പോകുന്ന കുമിളകളാവരുത് പരാജയങ്ങളെ ഭയപ്പെടാത്ത ഫീനിക്‌സ് പറവകളാവണം പുതുതലമുറ.