Sunday 31 May 2020




തെളിഞ്ഞു പുതുപ്രതീക്ഷയുടെ ഐക്യദീപം

By online desk .05 Apr, 2020

imran-azhar

 

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ ഇരുട്ടിനെതിരെ ഐക്യത്തിന്റെ വെളിച്ചം തെളിയിക്കണമെന്ന   പ്രധാനമന്ത്രിയുടെ ആഹ്വാനം അംഗീകരിച്ച് ഭാരതജനത. ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പതുമണിക്ക് ഒൻപതുമിനിറ്റ് ഐക്യത്തിന്റെ ദീപം തെളിഞ്ഞു.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ലൈറ്റുകള്‍ അണച്ച് ദീപം തെളിയിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ജനങ്ങള്‍ ദീപങ്ങള്‍ തെളിയിച്ചു.രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരെല്ലാം വിളക്കു തെളിച്ചു.കൂടാതെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എന്നിവരും കൊറോണ എന്ന അന്ധകാരത്തെ മായ്ക്കാൻ ഐക്യദീപം തെളിയിച്ചു.

 

അതേസമയം സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ചുവേണം ദീപം തെളിക്കലെന്നും ആരും വീടിനു പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. വീടിന്റെ വാതിൽക്കലോ ബാൽക്കണയിലോ നിന്ന് ദീപം തെളിക്കണം. അതിലൂടെ വെളിച്ചത്തിന്റെ അതീതശക്തിയും നമ്മുടെ പോരാട്ടത്തിന്റെ പൊതുലക്ഷ്യവും വ്യക്തമാകും. രാജ്യത്തെ 130 കോടി ജനത്തെക്കുറിച്ചു മനസ്സിൽ ധ്യാനിക്കണമെന്നും ഇത് പ്രതിസന്ധിയെ ഒത്തൊരുമയോടെ നേരിടാനുള്ള കരുത്തും ജയിക്കാനുള്ള ആത്മവിശ്വാസം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.