Thursday 24 October 2019




സംഭവിച്ചത് നടക്കാന്‍ പാടില്ലാത്തത്: സിപിഎമ്മിന്റെ സംരക്ഷണം പ്രതികള്‍ക്ക് കിട്ടില്ലെന്ന് കോടിയേരി

By online desk.18 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: എന്തെല്ലാം പ്രകോപനമുണ്ടായാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കാസര്‍കോട് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് അക്രമസംഭവങ്ങളില്‍ നടത്തരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എന്ത് സംഭവം നടന്നാലും എന്തിന്റെ പേരിലായാലും മനുഷ്യരെ വെട്ടിക്കൊല്ലാന്‍ പാടില്ല, അത് പ്രാകൃത നിലപാടാണ്. ഇത്തരം സംസ്‌കാരം പാര്‍ട്ടി ഉപേക്ഷിക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ സന്ദര്‍ഭത്തില്‍ നടന്ന അക്രമം എതിരാളികള്‍ക്ക് ആയുധമാകുകയാണ് ചെയ്തത്. അക്രമികള്‍ എതിരാളികളുടെ കയ്യിലകപ്പെട്ടവരാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

 

സമാധാനം പുലര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കര്‍ശന നടപടി എടക്കുമെന്നും കോടിയേരി വ്യക്തമാക്കി. സിപിഎമ്മിന്റെ യാതൊരു വിധ സംരക്ഷണവും പ്രതികള്‍ക്ക് കിട്ടില്ല. അക്രമമല്ല വഴിയെന്ന് സിപിഎം പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശത്തിനും സര്‍ക്കാര്‍ സമീപനത്തിനും വിരുദ്ധമായ കാര്യമാണ് കാസര്‍കോട് ഉണ്ടായത്. സാധാരണഗതിയില്‍ സിപിഎമ്മുമായി ബന്ധപ്പെട്ടവര്‍ക്ക് ഇടത് മുന്നണി ജാഥ കടന്ന് പോന്നതിന് തൊട്ടുപിന്നാലെ ഇത്തരമൊരു സംഭവം ചെയ്യാനാകില്ല. എന്നിട്ടും ഇത്തരമൊരു സംഭവം നടന്നെങ്കില്‍ അതില്‍ ഉള്‍പ്പെട്ടവര്‍ സിപിഎമ്മിന്റെയോ ഇടത് രാഷ്ട്രീയത്തിന്റെയോ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ടില്ലെന്നാണ് മനസിലാക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കാത്ത ഇത്തരക്കാരെ അംഗീകരിക്കാന്‍ സിപിഎമ്മിനും കഴിയില്ല. പ്രസ്ഥാനം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യമാണെന്നും അക്രമികളെ ഒരു കാരണവശാലും ന്യായീകരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

 

പ്രതികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണം. പ്രതികളെ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കാതെ പൊലീസ് പഴുതടച്ച അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയും അന്വേഷിക്കും. കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.