Wednesday 07 December 2022




കേരളത്തിലെ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു; പിടിച്ചെടുത്ത രേഖകളില്‍ തെളുവുണ്ടെന്ന് എന്‍ഐഎ

By priya.24 Sep, 2022

imran-azhar

 

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ പ്രമുഖരെ വധിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് എന്‍ഐഎ. പിടിച്ചെടുത്ത രേഖകളില്‍ തെളിവുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് വെളിപ്പെടുത്തല്‍.

 

പ്രതികളെ ഏഴുദിവസം കസ്റ്റഡിയില്‍ വിട്ടു.ഗൂഢാലോചന നടത്തിയതിന് തെളിവായി പ്രതികളുടെ വീടുകളില്‍ നിന്ന് രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതേപ്പറ്റി വിശദമായ അന്വേഷണം വേണം. ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

 

കോടതിവളപ്പില്‍ മുദ്രാവാക്യം മുഴക്കിയ പ്രതികളെ കോടതി താക്കീത് ചെയ്തു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് എന്‍ഐഎ കോടതി പറഞ്ഞു.ബിഹാറില്‍ വെച്ച് പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) വെളിപ്പെടുത്തി.

 

കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്ത് എന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂലൈ 12ന് ബിഹാറിലെ പട്‌നയില്‍ നടന്ന റാലിയിലാണു പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായത്.