Saturday 21 April 2018

ഷജീറിന്‍റേതെന്ന് കരുതുന്ന മൃതദേഹത്തിന്‍റെ ചിത്രം ലഭിച്ചു

By praveen prasannan.19 Jun, 2017

imran-azhar

കോഴിക്കോട്: കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെ ഐ എസ് ക്യാന്പിലെത്തിയെന്ന് കരുതുന്ന ഷജീറിന്‍റെ മൃതദേഹത്തിന്‍റെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു. ടെലഗ്രാം ആപ്പിലൂടെയാണ് ഇത് ലഭിച്ചത്.

ഷജീറിനൊപ്പം നാഗര്‍ഹാറിലെ ഐ എസ് ക്യാന്പിലെത്തിയ 21 മലയാളികളിലൊരാളാണ് ചിത്രം വീട്ടുകാര്‍ക്ക് അയച്ചത്. കോഴിക്കോട് എന്‍ ഐ ടിയില്‍ നിന്നും പഠിച്ചിറങ്ങിയ മുപ്പത്തിരണ്ടുകാരനായ ഷജീര്‍ മംഗലശേരി അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മലയാളി അഷ്ഫാഖ് മജീദ് അയച്ച സന്ദേശത്തില്‍ പറയുന്നത്. സന്ദേശത്തില്‍ ഷജീറിന്‍റെ മൃതദേഹമെന്ന് കരുതുന്ന ചിത്രവും അയച്ചിട്ടുണ്ട്.

ലഭിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ അഫ്ഗാനിസ്ഥാനിലെത്തി കൊല്ലപ്പെടുന്ന നാലാമത്തെ മലയാളിയാകും ഷജീര്‍. ഏപ്രില്‍ 13നാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ ബോംബാക്രമണത്തില്‍ ഷജീര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വരുന്നത്.

മുര്‍ഷിദ് മുഹമ്മദ്, ഹാഫിസുദ്ദീന്‍, യഹ്യ എന്ന ബെസ്റ്റിന്‍ വിന്‍സന്‍റ് എന്നിവരാണ് ഇതിന് മുന്പ് കൊല്ലപ്പെട്ടെന്ന തരത്തില്‍ സന്ദേശങ്ങള്‍ വന്നത്. അഷ്ഫാഖാണ് ഈ മൂന്ന് സന്ദേശങ്ങളും അയച്ചത്.