Thursday 24 October 2019




കാസര്‍ഗോഡ് കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി

By anju.22 Feb, 2019

imran-azhar

 

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം അത്യന്തം ഹീനമാണെന്നു പറഞ്ഞ മുഖ്യമന്ത്രി സംഭവത്തെ ഒരുതരത്തിലും ന്യായീകരിക്കില്ലെന്നും അറിയിച്ചു. ഇക്കാര്യത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും വ്യക്തമാക്കി.

 


കാസര്‍ഗോട്ട് പുതുതായി നിര്‍മിക്കുന്ന സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇരട്ടക്കൊലപാതകത്തെ അപലപിച്ചത്. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ടതില്ലെന്നും അതിനാലാണ് കൊലപാതകത്തെ പാര്‍ട്ടി സെക്രട്ടറി ആദ്യം തന്നെ അപലപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎമ്മിന്റെ യാതൊരു സഹായവും പ്രതികള്‍ക്ക് ഉണ്ടാകില്ലെന്നുള്ള കോടിയേരിയുടെ നിലപാട് തന്നെയാണുള്ളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

 

സംഭവം ഉണ്ടായപ്പോള്‍ തന്നെ പ്രതികളെ പിടികൂടണമെന്നും ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

 


രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നേരിടുന്ന പ്രസ്ഥാനം സിപിഎം ആണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. ത്രിപുരയിലെയും കേരളത്തിലെയും പാര്‍ട്ടിക്കെതിരായ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ വിമര്‍ശനം.