Tuesday 20 November 2018


'ശബരിമലയുടെ പവിത്രത നിലനിർത്താൻ ബിജെപിക്ക് ഉദ്ദേശ്യമില്ല': പിണറായി വിജയൻ

By Sooraj Surendran.06 Nov, 2018

imran-azhar

 

 

കോഴിക്കോട്: ശബരിമലയിൽ നടന്ന ആചാരലംഘനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാഗക്കാരുടെ ലക്ഷ്യം ശബരിമലയിൽ സംഘർഷം ഉണ്ടാക്കുക എന്നത് മാത്രമാണ്. ബിജെപി പ്രവർത്തകർ തന്നെ ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ശബരിമലയിൽ താന്ത്രിമാർക്ക് പിന്നിൽ കളിച്ചത് ബിജെപി ആണെന്നും അദ്ദേഹം വിമർശിച്ചു.

 

ആചാരങ്ങളെയും വിശ്വാസങ്ങളെയും താൻ വിശ്വസിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് താൻ ശബരിമലയിൽ പോയപ്പോൾ ഇരുമുടിക്കെട്ടില്ലാത്തതിനാൽ പതിനെട്ടാം പടി കയറാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ വിശ്വാസികളെ കൈക്കുള്ളിലൊതുക്കാമെന്ന് ആരും കരുതേണ്ടെന്നും പിണറായി പറഞ്ഞു. ശബരിമലയിൽ ചോറൂണിനായി കുഞ്ഞുങ്ങളുമായി എത്തിയവരെപ്പോലും സംഘപരിവാർ അക്രമിച്ചെന്നും, ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ശബരിമലയിൽ ശക്തമായ സുരക്ഷ ഒരുക്കിയതെന്നും പിണറായി പറഞ്ഞു.


സംഘപരിവാർ നേതാക്കൾ വരെ സന്നിദാനത്ത് ആചാരങ്ങൾ ലംഘിക്കുകയാണെന്നും ഇവരാണ് ആചാരസംരക്ഷണത്തിനായി മുറവിളി കൂട്ടുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.ഇവിടെ ആചാരങ്ങൾ മാത്രം മതിയെന്ന നിലപാടിലാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ എൽഡിഎഫ് റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.