Thursday 21 November 2019




ഇന്ത്യയുടെ മിഷന്‍ ശക്തി വിജയകരമായി പരീക്ഷിച്ചു; അഭിമാന ദിവസമെന്ന് പ്രധാനമന്ത്രി

By anju.27 Mar, 2019

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയം കണ്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

 

ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേല്‍ നിരീക്ഷണം നടത്തിയാല്‍ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്ത്താം.

 

ബഹിരാകാശശക്തികളില്‍ ഇന്ത്യ സ്വന്തം അധ്യായം എഴുതിച്ചേര്‍ത്തു. ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. പ്രവര്‍ത്തനക്ഷമമായ ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് തകര്‍ത്തു. അതിന് എ-സാറ്റ് എന്ന ആന്റി സാറ്റലൈറ്റ് ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തി. മൂന്ന് മിനിറ്റ് കൊണ്ടാണ് ഈ മിഷന്‍ പൂര്‍ത്തിയായത്. ഇതിന് കൃത്യത ആവശ്യമായിരുന്നു. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ആ മിഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. - മോദി പറഞ്ഞു.

 

ഇന്ത്യയെ സംബന്ധിച്ച് വലിയ അഭിമാനത്തിന്റെ നിമിഷമാണിത്. കരയും കടലും വായുവും സംരക്ഷിക്കാന്‍ മാത്രമല്ല നമ്മള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നത്. ഇനിമുതല്‍ ശൂന്യാകാശത്തും പ്രതിരോധിക്കാന്‍ നമുക്കാവും. ഇന്ത്യയെ കൂടുതല്‍ കരുത്തുള്ളതാക്കി മാറ്റാന്‍ സഹായിച്ചതിന് എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.