Wednesday 23 October 2019




അമ്മയുടെ അനുഗ്രഹം തേടി മോദി: ഗുജറാത്തിൽ ഉജ്വല വരവേൽപ്പ്

By Sooraj Surendran .26 May, 2019

imran-azhar

 

 

ന്യൂഡല്‍ഹി: വ്യാഴാഴ്ച വൈകിട്ട് 7ന് നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഒപ്പം പത്തോളം കേന്ദ്രമന്ത്രിമാരും ചുമതലയേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. വിവിധ ലോക നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇതിനിടെ ഇന്നലെ മോദി തന്റെ മണ്ഡലമായ വാരണാസിയില്‍ നന്ദിപര്യടനം നടത്തി. സൂറത്തിലെ കോച്ചിംഗ് സെന്ററിലുണ്ടായ അഗ്നിബാധയില്‍ 20 കുട്ടികള്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയായിരുന്നു മോദിയുടെ സന്ദര്‍ശനം. അഹമദാബാദിലെ വിമാനത്താവളത്തില്‍ ഉച്ചയോടെ എത്തിയ നിയുക്ത പ്രധാനമന്ത്രിയെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണി അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അഹമദാബാദില്‍ അമിത്ഷായ്‌ക്കൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്ത മോദി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് കാന്‍പൂരിലെ ബിജെപി പാര്‍ട്ടി ഓഫീസും സന്ദര്‍ശിച്ച ശേഷം മോദി തവഡ്‌നഗറിലെ കുടുംബവീട്ടിലെത്തി അമ്മ ഹീരബെന്നിനെ കണ്ട് അനുഗ്രഹം തേടി. ഇന്ന് വെളുപ്പിന് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഡല്‍ഹിക്ക് മടങ്ങും. രണ്ടാം തവണയും പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനം ജൂണ്‍ പകുതിയോടെ മാലദ്വീപിലേക്കായിരിക്കുമെന്ന് റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 2014-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയാത്ര.


ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് നരേന്ദ്രമോദി മാലദ്വീപില്‍ എത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അഭിനന്ദനമറിയിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനും പ്രധാനമന്ത്രി മാലദ്വീപിലെത്തിയിരുന്നു. ഇതിനുപിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മാലദ്വീപ് സന്ദര്‍ശിച്ചിരുന്നു. നേരത്തെ അബ്ദുള്ള യാമീന്‍ പ്രസിഡന്റായിരുന്ന സമയത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ബന്ധം മെച്ചപ്പെട്ടു.