Tuesday 20 November 2018


ശബരിമല: വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കി പൊലീസ്

By Online Desk.09 Nov, 2018

imran-azhar

 

 

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പൊലീസ് പാസ് നിര്‍ബന്ധമാക്കി. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ പ്രാദേശിക പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് ഉറപ്പാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. പ്രളയത്തെ തുടര്‍ന്ന് പാര്‍ക്കിംഗ് മുഴുവനായും നിലയ്ക്കലേക്ക് മാറ്റിയിരുന്നു. പാസ് പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലിലും മറ്റു പ്രദേശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല.

 

തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കടകളിലെയും മറ്റും എല്ലാ ജോലിക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലയ്ക്കല്‍ വരെ മാത്രമേ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിടൂ. പമ്പയിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുമെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു. കൂടാതെ മണ്ഡലകാലത്ത് വിശ്വാസികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

ഓണ്‍ലൈനിലൂടെ ഇതുവരെ മൂന്നു ലക്ഷത്തോളം പേര്‍ ബുക്ക് ചെയ്തതായാണ് വിവരം. ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാം. സമയം അടിസ്ഥാനമാക്കി 48 മണിക്കൂര്‍വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റ് (നിലയ്ക്കല്‍-പമ്പ-നിലയ്ക്കല്‍) ലഭിക്കും. 48 മണിക്കൂറിനുള്ളില്‍ മടക്കയാത്ര പൂര്‍ത്തിയാക്കണം. പമ്പാസ്‌നാനത്തിനുശേഷം തീര്‍ഥാടകരെ പമ്പയില്‍ തുടരാന്‍ അനുവദിക്കില്ല. നിലയ്ക്കലിലെ കെ.എസ്.ആര്‍.ടി.സി. ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ടിക്കറ്റെടുക്കാം. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ഥാടകര്‍ക്ക് മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡുവഴി സന്നിധാനം നടപ്പന്തല്‍ വരെയെത്താന്‍ അനുവാദം നല്‍കും. ഇതിനും എന്ന വെബ് പോര്‍ട്ടല്‍ ഉപയോഗിക്കാം. ദര്‍ശനദിവസം പമ്പയിലെ പൊലീസ് പരിശോധനാ കൗണ്ടറില്‍ ബുക്കിംഗ് കൂപ്പണ്‍ കാണിച്ചാല്‍ മതി. ഫോട്ടോയുള്ള തിരിച്ചറില്‍ കാര്‍ഡ് പരിശോധനാകൗണ്ടറില്‍ കാണിക്കണം. ഈ സൗകര്യം ഉപയോഗിക്കുന്ന തീര്‍ഥാടകര്‍ നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി. ബസ്ടിക്കറ്റ് പ്രത്യേകം എടുക്കണമെന്നും നിര്‍ദേശമുണ്ട്.