Thursday 26 April 2018

ദിലീപിനെതിരെ കുരുക്ക് മുറുകുന്നു; അടുത്ത മാസം ഏഴിന് മുന്‍പായി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്‌

By Anju N P.20 Sep, 2017

imran-azhar

 


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നിര്‍ണായക ചുവടുവപ്പിലേക്ക്. അടുത്ത മാസം ഏഴിന് മുന്‍പായി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന് തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ട് . ഇത് കണക്കിലെടുത്താണ് പോലീസിന്റെ നീക്കം.
ദിലീപ് തുടര്‍ച്ചയായി നാല് തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നടന്‍ പുറത്തു വന്നാല്‍ അത് തെളിവുകള്‍ നശിപ്പിക്കുന്നതിന് കാരണമായേക്കാം എന്നതിനാല്‍ എത്രയും പെട്ടെന്ന് കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കണമെന്നാണ് പോലീസ് തലപ്പത്ത് നിന്നുള്ള നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്. കൂട്ടമാനഭംഗം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്താവും പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ജീവപര്യന്തം തടവുശിക്ഷ കിട്ടുന്ന കുറ്റങ്ങളാണ് ദിലീപിന്റെ പേരില്‍ പോലീസ് ചേര്‍ക്കുക.
പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റകൃത്യങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പോലീസിന്റെ നിലപാട്. കേസില്‍ ദിലീപിനേയും പള്‍സര്‍ സുനിയേയും സുനിയുടെ കൂട്ടാളികളേയും കൂടാതെ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോയും രാജു ജോസഫും പള്‍സര്‍ സുനിയ്ക്ക് വേണ്ടി ദിലീപിനെ ഫോണ്‍ ചെയ്ത കളമശേശരി എആര്‍ ക്യാംപിലെ പോലീസുദ്യോഗസ്ഥന്‍ സിപി അനീഷും പ്രതിയാവും.