Saturday 24 September 2022




ഹര്‍ത്താല്‍; ഹെല്‍മറ്റ് ധരിച്ച് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, വീഡിയോ വൈറല്‍

By priya.23 Sep, 2022

imran-azhar

 

ആലുവ: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. എറണാകുളം ആലുവയിലെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നത്. ഹര്‍ത്താലില്‍ കല്ലേറ് ഉള്‍പ്പടെയുള്ളശ ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് രംഗത്ത് ഇറങ്ങിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സുരക്ഷക്കായി ഹെല്‍മറ്റ് ധരിച്ചാണ് വണ്ടിയോടിക്കുന്നത്.

 

അതേ സമയം പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ പലയിടത്തും കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി . കോഴിക്കോട്, വയനാട്, തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂര്‍ ,കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത് .


തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ വാഹനങ്ങള്‍ തടഞ്ഞു.


പത്തനംതിട്ട പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. പന്തളം-പെരുമണ്‍ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്.സംഭവത്തില്‍ ഡ്രൈവര്‍ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

 

കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയില്‍ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്.

 

കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലു തകര്‍ന്ന് കണ്ണിനു പരുക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവയില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി.